പീഡന കേസ് ; സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം

എഴുത്തുകാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് ജില്ലാ കോടതിയാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. അതേസമയം ജാമ്യത്തിന് എതിരെ അപ്പീല്‍ നല്‍കുമെന്ന് പരാതിക്കാരി വ്യക്തമാക്കി. കേസില്‍ സിവിക് ചന്ദ്രന്റെ അറസ്റ്റ് ജുലൈ 30 വരെ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തടഞ്ഞിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകും വരെ സിവികിനെ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു കോടതി വിധി.

ഏപ്രില്‍ മാസത്തില്‍ പയ്യോളിയിലെ ക്യാമ്പില്‍ വച്ച് പട്ടികജാതിക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. ഇതിനു പിന്നാലെ സമാനമായ മറ്റൊരു കേസ് കൂടി സിവിക് ചന്ദ്രനെതിരെ ഉയര്‍ന്നിരുന്നു. 2020ല്‍ കവിതാ ക്യാമ്പില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ച് യുവഎഴുത്തുകാരിയാണ് പരാതി നല്‍കിയത്. സംഭവത്തില്‍ സിവിക്കിനെതിരെ കൊയിലാണ്ടി പൊലീസ് മറ്റൊരു കേസുകൂടി എടുത്തിട്ടുണ്ട്.ബലാല്‍സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ സിവിക് ചന്ദ്രന്‍ ഒളിവില്‍ പോയി. വാട്‌സാപ്പ് ഗ്രൂപ്പിലാണ് യുവതി ആദ്യം ആരോപണം ഉന്നയിച്ചത്. സിവിക് ചന്ദ്രന്‍, വി ടി ജയദേവന്‍ എന്നിവര്‍ക്കെതിരെയായായിരുന്നു ആരോപണം. ഈ രണ്ടു പേരില്‍നിന്ന് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ ട്രോമയിലേക്ക് തള്ളിയിട്ടെന്നും താന്‍ അത്രയേറെ വിശ്വസിച്ച മനുഷ്യരില്‍ നിന്നുണ്ടായ തിക്താനുഭവം കനത്ത ആഘാതത്തിലാഴ്ത്തിയെന്നും യുവതി അയച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നു.

ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിക്കും. മൂന്നാഴ്ച്ച മുമ്പാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. സ്ത്രീ – പട്ടികജാതി സംരക്ഷണ നിയമങ്ങള്‍ ഈ വിധിയില്‍ അനിവാര്യമാം വിധം പരിഗണിക്കപ്പെട്ടിട്ടില്ല എന്നതാണ് കുറ്റാരോപിതന് എളുപ്പം ജാമ്യം ലഭിച്ചതില്‍ നിന്ന് മനസ്സിലാകുന്നതെന്ന് ഇരയാക്കപ്പെട്ട യുവതി വ്യക്തമാക്കി. വിധിയുടെ പകര്‍പ്പ് കയ്യില്‍ കിട്ടിയതിനു ശേഷം വിശദമായ പ്രതികരണം നടത്തും. സ്ത്രീപീഡന കേസുകളില്‍ ലൈംഗികാക്രമണകാരികളായ പുരുഷന്മാര്‍ക്ക് എളുപ്പത്തില്‍ ജാമ്യം ലഭിക്കുന്ന പ്രവണത സമൂഹത്തില്‍ കൂടുതല്‍ സ്ത്രീ പീഡകന്മാരെ സൃഷ്ടിക്കാന്‍ കാരണമാകുന്നതെന്ന് ഐക്യദാര്‍ഢ്യ സമിതി ഭാരവാഹികള്‍ പറഞ്ഞു.ജില്ലാ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു എന്നത് കൊണ്ട് സിവിക് ചന്ദ്രന്‍ കുറ്റവിമുക്തനാകുന്നില്ല. സാമൂഹിക-സാംസ്‌കാരിക രംഗത്ത് പ്രമുഖനായി നിലകൊള്ളുന്ന സിവിക് ചന്ദ്രന്‍ നടത്തിയ ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങള്‍ പൊതുസമൂഹം തിരിച്ചറിയുകയും അതിജീവിതമാരുടെ നീതിക്ക് വേണ്ടിയുള്ള തുടര്‍ പോരാട്ടത്തിന് പിന്തുണ നല്‍കി ഒപ്പം നില്‍ക്കുകയും ചെയ്യണമെന്ന് ഐക്യദാര്‍ഢ്യ സമിതി ഭാരവാഹികളായ കെ അജിത, സി എസ് ചന്ദ്രിക എന്നിവര്‍ പറഞ്ഞു.