‘ആറാടുകയാണ് ഫെയിം ‘ സന്തോഷ് വര്‍ക്കി ശല്യം ചെയ്തത് തുറന്നു പറഞ്ഞു നിത്യ മേനോന്‍

ആറാടുകയാണ് എന്ന റിവ്യൂ നല്‍കിയതിലൂടെ മലയാളികള്‍ക്ക് പരിചിതമായ ഒരാളാണ് സന്തോഷ് വര്‍ക്കി. ഇപ്പോള്‍ റിലീസ് ആകുന്ന സിനിമകളുടെ ആദ്യ ദിനം തന്നെ തിയറ്ററില്‍ നിന്നും റിവ്യൂസ് പറയുന്നതില്‍ ഏവര്‍ക്കും പ്രിയങ്കരനുമാണ് സന്തോഷ് വര്‍ക്കി. എന്നാല്‍ സന്തോഷ് വര്‍ക്കി കാരണം താന്‍ സഹിച്ചു വന്ന ശല്യം തുറന്നു പറഞ്ഞിരിക്കുകയാണ് പ്രമുഖ സിനിമാ താരം നിത്യാ മേനോന്‍. സന്തോഷ് വര്‍ക്കി നിത്യയെ വിവാഹം കഴിക്കണം എന്ന തരത്തില്‍ പലയിടങ്ങളിലും പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരണവുമായി രം?ഗത്തെത്തിയിരിക്കുകയാണ് നിത്യ. വര്‍ഷങ്ങളായി സന്തോഷ് ശല്യം ചെയ്ത് കഷ്ടപ്പെടുത്തിയെന്നും തന്നെയും തന്റെ മാതാപിതാക്കളെയും ഒരുപാട് ബുദ്ധിമുട്ടിച്ചുവെന്നും നിത്യ പറയുന്നു. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നിത്യയുടെ പ്രതികരണം.

അയാള്‍ പറയുന്നത് ഒക്കെ കേട്ട് വിശ്വസിച്ചാല്‍ നമ്മളാകും മണ്ടന്‍മാര്‍. കുറെ വര്‍ഷങ്ങളായി ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. ഇയാള്‍ ഇങ്ങനെ പബ്ലിക് ആയിട്ടൊക്കെ വന്നപ്പോള്‍ ശരിക്കും ഷോക്കായി പോയി. അഞ്ചാറ് വര്‍ഷങ്ങളായി അയാള്‍ പുറകെയാണ്. ഭയങ്കര പ്രശ്‌നം ആയിരുന്നു ആയാള്‍. ആളുകള്‍ അയാളെ പറ്റി സന്തോഷത്തോടെ കമന്റ് ചെയ്യുന്ന പോലെയല്ല കാര്യങ്ങള്‍. ശരിക്കും ഞാന്‍ ആയത് കൊണ്ട് മാത്രമാണ് ഇങ്ങനെ ഇരിക്കുന്നത്. ഇതിലൊന്നും തന്നെ ഇടപെടാന്‍ താല്‍പ്പര്യമില്ലാത്തത് കൊണ്ടാണത്. എല്ലാവരും എന്നോട് പൊലീസില്‍ പരാതി കൊടുക്കണമെന്നെക്കെ പറഞ്ഞിരുന്നു.

പക്ഷെ ഓരോരുത്തര്‍ക്കും ഓരോത്തരുടെ ജീവിതമാണല്ലോ, എനിക്ക് എന്റെ ജീവിതത്തില്‍ ചെയ്ത് തീര്‍ക്കാന്‍ കുറെ കാര്യങ്ങളുണ്ട്.
അമ്മക്ക് ക്യാന്‍സര്‍ കഴിഞ്ഞിട്ടൊക്കെ ഇരിക്കുന്ന സമയത്ത് എപ്പോഴും വിളിക്കും. എല്ലാവരോടും വളരെ ശാന്തമായി ഇടപെടുന്ന എന്റെ അച്ഛനും അമ്മയും പോലും അയാളോട് ദേഷ്യപ്പെട്ട് സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. പിന്നീട് അയാള്‍ വിളിച്ചാല്‍ അവരോട് ബ്ലോക്ക് ചെയ്യണം എന്ന് പറയേണ്ടിവരെ വന്നിട്ടുണ്ട്. അയാളുടെ തന്നെ 20, 30 നമ്പറുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. എന്റെ ചുറ്റുമുള്ള എല്ലാവരെയും അയാള്‍ വിളിച്ചിട്ടുണ്ട്. അയാള്‍ക്ക് എന്തോ പ്രശ്നം ഉണ്ടെന്നു മനസ്സിലായത് കൊണ്ടാണ് കൂടുതല്‍ നിയമ വഴികളിലേക്ക് പോകാതെ കണ്ടില്ലെന്നു നടിച്ചത് നിത്യ പറയുന്നു.