ശ്രീറാമിന്റെ നിയമനം ; അതൃപ്തി അറിയിച്ച മന്ത്രി അനിലിനു പിണറായിയുടെ ശകാരം
മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രീറാം ഇഷ്ട്ടം മറനീക്കി പുറത്തു. ശ്രീറാമിന്റെ നിയമനത്തിനെതിരെ അതൃപ്തി പ്രകടിപ്പിച്ച മന്ത്രിയെ പരസ്യമായി ശാസിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. ശ്രീറാം വെങ്കിട്ടരാമനെ തന്റെ വകുപ്പില്‍ നിയമിച്ചതിനെത്തുടര്‍ന്നുള്ള അതൃപ്തി മാധ്യമങ്ങളില്‍ വന്നതിന് മന്ത്രി ജി.ആര്‍.അനിലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭായോഗത്തില്‍ ശകാരിച്ചു. കത്ത് കൊടുത്തുവിട്ടപ്പോള്‍ തന്നെ ചാനലില്‍ വന്നതിന്റെ ഉത്തരവാദിത്തം മന്ത്രിക്ക് തന്നെയെന്ന് പറഞ്ഞായിരുന്നു രൂക്ഷ വിമര്‍ശനം. വകുപ്പിനോട് ആലോചിക്കാതെ ശ്രീറാമിനെ സപ്‌ളൈകോയില്‍ നിയമിച്ചതില്‍ ചീഫ് സെക്രട്ടറിയെ മന്ത്രി ജി.ആര്‍.അനിലും വിമര്‍ശിച്ചു.
ആലപ്പുഴ കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചതിലെ അത്യപ്തി തുറന്നു പറഞ്ഞ ഭക്ഷ്യമന്ത്രി ജി.ആര്‍.അനിലാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. വകുപ്പ് മന്ത്രിയോട് ആലോചിക്കാതെ നിയമനങ്ങള്‍ പതിവാകുന്നുണ്ടെന്നും മന്ത്രി ജി.ആര്‍.അനില്‍ വിമര്‍ശിച്ചു. ഒഴിഞ്ഞു കിടന്ന പോസ്റ്റിലാണ് ശ്രീറാമിനെ നിയമിച്ചതെന്ന ചീഫ് സെക്രട്ടറിയുടെ മറുപടി മന്ത്രിയെ ചൊടിപ്പിച്ചു. മന്ത്രിസഭാ യോഗം പോലൊരു വേദിയില്‍ കളളം പറയരുത് എന്നായിരുന്നു ജി ആര്‍ അനിലിന്റെ തിരിച്ചടി. സംശയകരമായ വ്യക്തിത്വമുളള ഉദ്യോഗസ്ഥരെ നേരത്തെയും തന്റെ വകുപ്പില്‍ നിയമിച്ചെന്ന് ചൂണ്ടിക്കാട്ടി ജി.ആര്‍.അനില്‍ വിമര്‍ശനം കടുപ്പിച്ചതോടെയാണ് ശ്രീറാമിന്റെ നിയമനം ന്യായീകരിച്ചു മുഖ്യമന്ത്രി ഇടപെട്ടത്.
സാധാരണ ആലോചിച്ച് തന്നെചെയ്യുന്നയാളാണ് ചീഫ് സെക്രട്ടറി.മുന്‍പെത്തെക്കാളും നന്നായി അത് നടക്കുന്നുണ്ട്. ആദ്യമായി മന്ത്രിയായത് കൊണ്ടാകാം അത് മനസിലാകാത്തതെന്നും മുഖ്യമന്ത്രി അനിലിനോട് പറഞ്ഞു. തുടര്‍ന്ന് ശ്രീറാമിന്റെ നിയമനത്തില്‍ ഭക്ഷ്യമന്ത്രിക്ക് അതൃപ്തി ഉണ്ടെന്ന വാര്‍ത്ത വന്നത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി മന്ത്രി അനിലിനെ രൂക്ഷമായി വിമര്‍ശിച്ചു.’എന്റെ ഓഫീസിലേക്ക് കത്ത് കൊടുത്ത് വിടുമ്പോഴേ ചാനലില്‍ വാര്‍ത്ത വന്നു.കത്ത് പൊട്ടിക്കുന്നതിന് മുന്‍പേ വാര്‍ത്ത വരുന്നുണ്ടായിരുന്നു. മന്ത്രിമാര്‍ക്ക് ഇക്കാര്യങ്ങളില്‍ അഭിപ്രായം പറയാമെന്നും അത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. വേണമെങ്കില്‍ മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കാം. എന്നാല്‍ ആ അഭിപ്രായങ്ങളും കത്തും മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്നത് ശരിയായില്ല അതിന്റെ ഉത്തരവാദിത്തം നിങ്ങള്‍ക്ക് തന്നെ. അതില്‍ മാറ്റമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂന്നു വര്‍ഷം മുമ്പ് മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിന്റെ നിയമനത്തില്‍ അതൃപ്തി അറിയിച്ച് അനില്‍ മുഖ്യമന്ത്രിക്കു ചൊവ്വാഴ്ച കത്തു നല്‍കിയിരുന്നു. ഓണക്കിറ്റിന്റെ വിതരണ നടപടികള്‍ പുരോഗമിക്കുന്ന ഘട്ടത്തില്‍ ഉദ്യോഗസ്ഥനെ മാറ്റിയ നടപടി ശരിയായില്ലെന്നു മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തിങ്കളാഴ്ച രാത്രിയാണ് ആലപ്പുഴ കലക്ടര്‍ സ്ഥാനത്തുനിന്ന് ശ്രീറാമിനെ മാറ്റി ഉത്തരവിറക്കിയത്. സപ്ലൈക്കോ ജനറല്‍ മാനേജരുടെ തസ്തിക ജോയിന്റ് സെക്രട്ടറിയുടേതിനു തുല്യമാക്കി ഉയര്‍ത്തിയാണ് ശ്രീറാമിനെ നിയമിച്ചത്. കേരള മുസ്ലീം ജമാ അത്ത് അടക്കമുള്ള സംഘടനകള്‍ ശ്രീറാമിനെ ആലപ്പുഴ കലക്ടര്‍ സ്ഥാനത്ത് നിയമിച്ചതിന് എതിരെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. എന്നാല്‍ ശ്രീറാം വിഷയത്തില്‍ മുഖ്യമന്ത്രിക്ക് ഉള്ള പ്രത്യേക താല്പര്യമാണ് ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ കാണുമ്പോള്‍ മനസിലാകുന്നത്.