കണ്ണൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ് ; അധ്യാപകന് 79 വര്‍ഷം കഠിന തടവ്
എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച അധ്യാപകനു 79 വര്‍ഷം കഠിന തടവ്. ശിക്ഷയ്ക്ക് പുറമെ 2.70 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും വിധിയായി. തളിപ്പറമ്പ് പോക്‌സോ കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. പെരിങ്ങോം ആലപ്പടമ്പ ചൂരല്‍ സ്വദേശി പി.ഇ.ഗോവിന്ദന്‍ നമ്പൂതിരിയെയാണ് എല്‍ പി സ്‌കൂള്‍ കുട്ടികള്‍ക്കെതിരെ ഈ അതിക്രമം കാട്ടിയത്. തളിപ്പറമ്പ് പോസ്‌കോ അതിവേഗ കോടതി ജഡ്ജി പി. മുജീബ് റഹ്മാനാണ് വിധി പറഞ്ഞത്. വാദിഭാഗത്തിനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഷെറിമോള്‍ ജോസ് ഹാജരായി.
2013 ജൂണ്‍ മുതല്‍ 2014 ജനുവരി വരെ പീഡനം നടന്നിരുന്നു. സ്‌കൂളിലെ അഞ്ചാം ക്ലാസ് മുറിയില്‍ വച്ചാണ് ഗോവിന്ദന്‍ നമ്പൂതിരി വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടും അക്കാര്യം അധികൃതരെ അറിയിക്കാതിരുന്നതിന് സ്‌കൂളിലെ പ്രധാന അധ്യാപിക, ഹെല്‍പ് ഡെസ്‌ക് ചുമതലയുള്ള അധ്യാപിക എന്നിവരെയും പ്രതി ചേര്‍ത്തിരുന്നു. എന്നാല്‍ കോടതി ഇവരെ വെറുതെ വിട്ടു.കുറ്റകൃത്യം പുറത്തറിഞ്ഞതിനു ശേഷം ഗോവിന്ദന്‍ നമ്പൂതിരിയെ സര്‍വ്വീസില്‍ നിന്നും നീക്കിയിരുന്നു.