കിഫ്ബി ഇടപാട് ; തോമസ് ഐസക്കിന് വീണ്ടും ഇ.ഡി നോട്ടീസ്

സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസകിന് വീണ്ടും എന്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിനായി ഈ മാസം 11 ന് ഹാജരാകണമെന്നാണ് നേട്ടീസില്‍ പറയുന്നത്. ഇത് രണ്ടാം തവണയാണ് തോമസ് ഐസകിന് ഇഡി നോട്ടീസ് നല്‍കുന്നത്. കിഫ്ബി സിഇഒ ആയിരുന്ന കെ എം എബ്രഹാമിനെ നേരെത്തെ ഇ ഡി ചോദ്യം ചെയ്തിരുന്നു. ധനമന്ത്രിയായിരുന്ന ഐസക് കിഫ്ബി വൈസ് ചെയര്‍മാനായിരുന്നു.

കിഫ്ബിക്ക് വിദേശത്ത് നിന്ന് നിക്ഷേപം സ്വീകരിച്ചത് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചില്ലെന്നും മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നുമാണ് ആക്ഷേപം. എന്നാല്‍, ഇഡിയുടെ ഇടപെടല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നായിരുന്നു ആദ്യം നോട്ടീസ് അയച്ചപ്പോളുള്ള തോമസ് ഐസകിന്റെ പ്രതികരണം. എല്ലാ ഏജന്‍സികളേയും തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം നടപ്പാക്കാനാണ് ബിജെപി സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. ഇപ്പോള്‍ ഇങ്ങനെയൊരു നീക്കം തനിക്കെതിരെ നടത്തുന്നതിന് പിന്നില്‍ ഇഡിക്ക് പല താത്പര്യവമുണ്ടായിരിക്കും. അതിനെ ആ രീതിയില്‍ തന്നെ നേരിടുമെന്നും തോമസ് ഐസക് പറഞ്ഞിരുന്നു.

കേരളം, ഫെമ ലംഘനം അടക്കമുള്ളവ നടത്തി സംസ്ഥാനത്തേക്ക് പണം കൊണ്ടുവരുന്നെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനാണ് ആദ്യം ആരോപണം ഉന്നയിച്ചത്.പിന്നീട് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല അടക്കം ഇത് ഏറ്റെടുത്തിരുന്നു. കിഫ്ബിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രി പിണറായി വിജയനും വൈസ് ചെയര്‍മാന്‍ ധനമന്ത്രി തോമസ് ഐസക്കും ആയിരുന്നു. കിഫ്ബിയ്ക്ക് പിന്നാലെ മസാല ബോണ്ട് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ വലിയചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു.