മഴക്കെടുതി ; മന്ത്രിയുടെ സന്ദര്‍ശനം പ്രഹസനമായി എന്ന് ആരോപണം

കനത്ത മഴയില്‍ മീനച്ചില്‍ താലൂക്കില്‍ പ്രളയം ഏറ്റവും അധികം ബാധിച്ച മൂന്നിലവ് ഗ്രാമപഞ്ചായത്തില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എന്‍.വാസവന്റെ സന്ദര്‍ശനം പ്രഹസനമായി എന്ന് ആരോപണം . മന്ത്രിയുടെ സന്ദര്‍ശനത്തെ സംബന്ധിച്ച് പാലാ ആര്‍.ഡി.ഒ അറിയിച്ചതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോണ്‍ ജോര്‍ജ്, പഞ്ചായത്ത് പ്രസിഡന്റ് ജോഷി ജോഷ്വാ,ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു സെബാസ്റ്റ്യന്‍, മറ്റ് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരും പഞ്ചായത്ത് ഓഫീസില്‍ കാത്തു നിന്നു. കടപുഴ പാലം സന്ദര്‍ശിച്ച് തിരികെയെത്തി വെള്ളം കയറി നാശനഷ്ടം സംഭവിച്ച മൂന്നിലവ് പഞ്ചായത്ത് ഓഫീസ് സന്ദര്‍ശിക്കും എന്നാണ് അറിയിച്ചിരുന്നുവെങ്കിലും അവിടെ കയറാതെ വാകക്കാട് പ്രദേശത്തേക്ക് മന്ത്രി പോവുകയാണ് ഉണ്ടായത്.

മൂന്നിലവ് ടൗണില്‍ വച്ച് ജനപ്രതിനിധികള്‍ മന്ത്രിയോട് പരാതി പറഞ്ഞെങ്കിലും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന സിപിഐഎം നേതാക്കള്‍ മന്ത്രിയെ സംസാരിക്കാന്‍ പോലും അനുവദിക്കാതെ കൊണ്ടുപോകുകയാണ് ഉണ്ടായത് എന്ന് നാട്ടുകാര്‍ പറയുന്നു.മൂന്നിലവ് പഞ്ചായത്തില്‍ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായ മേച്ചാല്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കൂട്ടാക്കാതെ മന്ത്രി മടങ്ങിയത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും വലിയ ദുരിതത്തില്‍ കഴിയുന്ന മൂന്നിലവിലെ ജനങ്ങളെ മന്ത്രി അപമാനിച്ചതായും ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോണ്‍ ജോര്‍ജ്, പഞ്ചായത്ത് പ്രസിഡന്റ് ജോഷി ജോഷ്വാ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു സെബാസ്റ്റ്യന്‍ എന്നിവര്‍ പറഞ്ഞു. മന്ത്രിയെ കണ്ടു പരാതി പറയാന്‍ നിന്നവരും നിരാശരായി മടങ്ങുകയായിരുന്നു. സ്ഥലത്തെ സിപിഐഎം നേതാക്കള്‍ ആണ് മന്ത്രിയെ തടഞ്ഞത് എന്നും നാട്ടുകാര്‍ ആരോപിക്കുന്നു.