കൊല്ലത്ത് ലേയ്സ് നല്‍കാത്തതിന് യുവാവിനെ മര്‍ദിച്ച കേസ് ; ഒരാള്‍ അറസ്റ്റില്‍

കൊല്ലത്ത് ലേയ്സ് നല്‍കാത്തതിന് യുവാവിനെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കൊല്ലം വാളത്തുങ്കല്‍ സ്വദേശി മണികണ്ഠനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്ന് പേര്‍ ഒളിവിലാണ്. കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനമെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ലേയ്സ് ചോദിച്ചാണ് മര്‍ദ്ദനമെന്നായിരുന്നു ആക്രമണത്തിനിരയായ നീലകണ്ഠന്റെ മൊഴി. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.

കൊല്ലം വാളത്തുങ്കല്‍ ഫിലിപ്പ് മുക്കില്‍ ഇന്നലെ വൈകുന്നേരത്താണ് സംഭവം. കൊല്ലം പള്ളിമുക്ക് സ്വദേശിയായ നീലകണ്ഠനും കുടുംബവും വാളത്തുങ്കലിലേക്ക് വാടകയ്ക്ക് താമസിക്കാന്‍ ആരംഭിച്ചിട്ട് മൂന്നുമാസമായിട്ടേയുള്ളൂ. എട്ടോളം പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു എന്നാണ് പോലീസില്‍ നല്‍കിയിരിക്കുന്ന പരാതി. സംഭവത്തില്‍ ഇരവിപുരം പോലീസ് കേസെടുത്തിരുന്നു. ‘സൈക്കിള്‍ എടുക്കാന്‍ കൂട്ടുകാരന്റെ വീട്ടിലേക്ക് ലെയ്സും വാങ്ങി പോവുകയായിരുന്നു. ഒരാള്‍ വന്നിട്ട് ലെയ്സ് ചോദിച്ചു. മദ്യപിച്ചതിനാല്‍ ലെയ്സ് തരില്ലെന്ന് പറഞ്ഞു. ഒരു പവന്റെ മാലയും ഫോണും എന്റെ കൈയ്യില്‍ ഉണ്ടായിരുന്നു. മാല പൊട്ടിച്ചെടുത്തപ്പോള്‍ ഞാന്‍ കൈയ്യില്‍ കയറി പിടിച്ചു. പിന്നാലെയാണ് ഇടിച്ചത്.’ നീലകണ്ഠന്‍ പറഞ്ഞു.