ആശ്വാസമായി മഴയ്ക്ക് നേരിയ ശമനം ; അതിതീവ്ര മഴ മുന്നറിയിപ്പ് പിന്‍വലിച്ചു

അതി തീവ്ര മഴ കുറഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും റെഡ് അലര്‍ട്ടുകള്‍ പൂര്‍ണമായി പിന്‍വലിച്ചു. 11 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനനന്തപുരം, കൊല്ലം, കാസര്‍കോട് ജില്ലകളില്‍ നിലവില്‍ യെല്ലോ അലര്‍ട്ടാണ്. പത്തനംതിട്ട മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

റെഡ് അലര്‍ട്ടുകള്‍ പിന്‍വലിച്ചെങ്കിലും മലയോരമേഖലകളില്‍ അതീവ ജാഗ്രത തുടരണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ ലഭിച്ചേക്കും കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി മഴ ലഭിച്ച പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പുണ്ട്. വിഴിഞ്ഞം മുതല്‍ കാസര്‍കോട് തീരം വരെ ഉയര്‍ന്ന തിരമാലകള്‍ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.

സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജാഗ്രത തുടരുകയാണ്. വലിയ ഡാമുകളില്‍ നിലവില്‍ ആശങ്കയുടെ സാഹചര്യമില്ല. ആറ് ഡാമുകളില്‍ റെഡ് അലര്‍ട്ട് ഉണ്ട്. പൊന്മുടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, മൂഴിയാര്‍, കുണ്ടള ഡാമുകളിലാണ് റെഡ് അലര്‍ട്ട് . മംഗലം, മീങ്കര ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ടും തുടരുകയാണ്. ഇടുക്കി, മുല്ലപ്പെരിയാള്‍ ഡാമുകളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജലവിഭവ മന്ത്രിറോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഗായത്രി,നെയ്യാര്‍, മണിമല, കരമന ആറുകളിലെ ജലനിരപ്പ് അപകടനിലയ്ക്കും മുകളിലാണ്. പമ്പ, അച്ചന്‍കോവില്‍, തൊടുപുഴ, മീനച്ചില്‍ എന്നീ നദികളിലും ജലനിരപ്പ് അപകടനിലയിലേക്ക് ഉയരുന്നുണ്ട്.

അതേസമയം ചാവക്കാട് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെയും മൃതദേഹങ്ങള്‍ ശക്തമായ തിരയില്‍പ്പെട്ട് നീങ്ങുന്നത് പ്രതിസന്ധിയാകുന്നു. മൃതദേഹം കൊണ്ടുവരാന്‍ പോയ കോസ്റ്റല്‍ പൊലീസ് ബോട്ട് മടങ്ങിയിട്ടുണ്ട്. എന്നാല്‍ കോസ്റ്റ് ഗാര്‍ഡിന്റെ കപ്പല്‍ മേഖലയില്‍ വീണ്ടും തുടരുകയാണ്. കോസ്റ്റ് ഗാര്‍ഡ് നടത്തിയ ഹെലികോപ്ടര്‍ തെരച്ചിലില്‍ രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പുല്ലൂര്‍വിള സ്വദേശികളായ മണിയന്‍, ഗില്‍ബര്‍ട്ട് എന്നിവരാണ് മരിച്ചത്. ബോട്ടില്‍ പോയ മത്സ്യത്തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. തമിഴ്നാട് സ്വദേശികളുടെ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന മറ്റ് നാല് പേരെ രക്ഷപ്പെടുത്തിയിരുന്നു. ആറ് പേരാണ് ബോട്ടിലുണ്ടായിരുന്നത്.