പോലീസ് നാട് കടത്തിയ പ്രതി കോടതിയില്‍ വന്നത് ബി എം ഡബ്ലിയുവില്‍ പോയത് കാരവാനില്‍
പൊലീസ് നാടുകടത്തിയ സ്പിരിറ്റ് കടത്ത് കേസ് പ്രതിയും മുന്‍ സിപിഎം നേതാവുമായ അത്തിമണി അനില്‍ ആണ് സിനിമാ താരങ്ങളെ തോല്‍പ്പിക്കുന്ന തരത്തില്‍ ഇന്ന് പാലക്കാട് കോടതിയില്‍ വന്നു പോയത്. പാലക്കാട് കോടതിയിലേക് ആഡംബര കാറില്‍ വന്ന പ്രതി മടങ്ങിയത് കാരവാനിലാണ്. അനില്‍ കോടതിയില്‍ വരുന്ന വിവരമറിഞ്ഞ് ഇയാളുടെ അടുത്ത സുഹൃത്തുക്കളും കോടതിയില്‍ എത്തിയിരുന്നു. ഒരു വര്‍ഷത്തേയ്ക്ക് പാലക്കാട് ജില്ലയില്‍ പ്രവേശിക്കാന്‍ കാപ്പ നിയമ പ്രകാരം പൊലീസ് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സ്പിരിറ്റ് കടത്ത് കേസില്‍ കോടതിയില്‍ ഹാജരാകാന്‍ പൊലീസിന്റെ പ്രത്യേക അനുമതിയോടെയാണ് അത്തിമണി അനില്‍ പാലക്കാടെത്തിയത്.
ഇപ്പോള്‍ മഹാരാഷ്ട്രയില്‍ കഴിയുന്ന അത്തിമണി അനില്‍ പരിവാരങ്ങളോടൊപ്പമാണ് കോടതി വളപ്പിലെത്തിയത്. ബിഎംഡബ്ല്യു കാറില്‍ വന്നിറങ്ങിയ അനില്‍ കോടതിയില്‍ ഹാജരായി മടങ്ങിയത് കാരവാനിലാണ്. പാലക്കാട് എസ്പിയുടെ ശുപാര്‍ശയെ തുടര്‍ന്ന് തൃശൂര്‍ റേഞ്ച് ഐജിയാണ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. കാപ്പ നിയമപ്രകാരമാണ് നടപടി. പാലക്കാട് ജില്ലയിലേക്ക് ഒരു വര്‍ഷത്തേക്ക് കടക്കുന്നതിനാണ് പ്രവേശന വിലക്ക്. ഉത്തരവ് ലംഘിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. കവര്‍ച്ച മുതല്‍ കൈപ്പറ്റുക , മാരകായുധങ്ങള്‍ ഉപയോഗിച്ച് ദേഹോപദ്രവം ഏല്‍പ്പിക്കുക, സ്പിരിറ്റ് കടത്തല്‍, കവര്‍ച്ച മുതല്‍ ഒളിപ്പിയ്ക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അനില്‍കുമാറിന് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. സി പി എം ലോക്കല്‍ കമ്മറ്റിയംഗമായിരുന്ന അത്തിമണി അനില്‍കുമാറിനെ സ്പിരിറ്റ് കടത്ത് കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് പാര്‍ട്ടി പുറത്താക്കിയിരുന്നു.