കനത്ത മഴ ; സൗദിയിലെ നജ്റാനില്‍ അഞ്ചുപേര്‍ മുങ്ങി മരിച്ചു
കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും നജ്റാനില്‍ അഞ്ചുപേര്‍ മുങ്ങി മരിച്ചു. മരിച്ചവരില്‍ മൂന്നു പേര്‍ സഹോദരങ്ങളാണ് . വാദി നജ്റാനില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ടാണ് ഇവര്‍ ഒഴുകിപോയത്. നജ്‌റാനിലെ അല്‍റബ്ഹ ഗ്രാമത്തില്‍ മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ വീണാണ് സഹോദരങ്ങളായ മൂന്നു ബാലന്മാര്‍ മുങ്ങിമരിച്ചത്. തങ്ങളുടെ കൃഷിയിടത്തോട് ചേര്‍ന്ന് രൂപപ്പെട്ട നാലു മീറ്റര്‍ താഴ്ചയുള്ള വെള്ളക്കെട്ടിലാണ് കളിക്കുന്നതിനിടെ ഇവര്‍ അപകടത്തില്‍ പെട്ടത്.ഇതില്‍ മൂന്നു വയസ്സുകാരന് വേണ്ടി രാത്രി മുഴുവന്‍ തെരച്ചില്‍ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്താനായത്.
മൂത്ത സഹോദരനാണ് ആദ്യം അപകടത്തില്‍ പെട്ടത്. സഹോദരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റു രണ്ടു കുട്ടികളും മുങ്ങിമരിക്കുകയായിരുന്നെന്ന് ബന്ധുക്കളില്‍ ഒരാള്‍ പറഞ്ഞു. സിവില്‍ ഡിഫന്‍സ് അധികൃതര്‍ മൃതദേഹങ്ങള്‍ പുറത്തെടുത്തു. നജ്‌റാന് വടക്ക് വാദി സ്വഖിയില്‍ മറ്റൊരു യുവാവും മുങ്ങിമരിച്ചു. താഴ്വരയിലെ മലവെള്ളപ്പാച്ചിലില്‍ പെട്ട യുവാവിന്റെ മൃതദേഹം അപകടത്തില്‍ പെട്ട സ്ഥലത്തു നിന്ന് അഞ്ചു കിലോമീറ്റര്‍ ദൂരെയാണ് കണ്ടെത്തിയത്.