കണ്ണൂരില്‍ 3 പേര്‍ മരിച്ച ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ആക്കം കൂട്ടിയത് കരിങ്കല്‍ ക്വാറി

കണ്ണൂരിലെ കണിച്ചാറില്‍ മൂന്ന് പേര്‍ മരിച്ച ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ആക്കം കൂട്ടിയത് സമീപത്തുള്ള കരിങ്കല്‍ ക്വാറികള്‍. നെടുംപൊയില്‍ ചുരത്തിലെ അതീവ പരിസ്ഥിതി ദുര്‍ബ്ബല പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറികള്‍ ആണ് ഉരുള്‍ പൊട്ടലിനു കാരണമായത് എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കനത്ത മഴയില്‍ ഈ ക്വാറികളുടെ താഴ്ഭാഗങ്ങളില്‍ ഉരുള്‍പൊട്ടി പാറക്കൂട്ടം ജനവാസ കേന്ദ്രങ്ങളിലേക്ക് പതിക്കുകയായിരുന്നു. ദുരന്തമുണ്ടായ ദിവസവും ക്വാറികളില്‍ സ്‌ഫോടനം നടന്ന് ഇരിട്ടി തഹസില്‍ദാര്‍ സിവി പ്രകാശന്‍ സ്ഥിരീകരിച്ചു. കനത്ത മഴയുണ്ടായിട്ടും 24ആം മൈലിലിലെ ന്യൂ ഭാരത് ക്വാറിയിലെ ജോലി നിര്‍ത്തിവച്ചില്ലെന്നാണ് കണ്ടെത്തല്‍. രണ്ട് ക്വാറികള്‍ക്ക് തൊട്ടടുത്താണ് ഉരുള്‍ പൊട്ടലുണ്ടായത്. ക്വാറിക്ക് ഉള്ളിലും ഉരുള്‍പൊട്ടല്‍ അവശിഷ്ടങ്ങള്‍ ഒലിച്ചിറങ്ങി. ശ്രീലക്ഷ്മി ക്വാറിയില്‍ ജല ബോംബ് കണക്കെയാണ് വെള്ളമുള്ളത്.

കണിച്ചാര്‍, കേളകം പേരാവൂര്‍ പഞ്ചായത്തുകളിലെ കുടുംബങ്ങളുടെ ഉറക്കം കെടുത്തുന്നത് പശ്ചിമഘട്ടം തുരന്ന് തിന്നുന്ന ചെറുതും വലുതുമായ കരിങ്കല്‍ ക്വാറികളാണ്. വയനാട്ടിലേക്കുള്ള നെടുമ്പോയില്‍ ചുരത്തില്‍ നിന്ന് കാണാം 24 ആം മൈലിലെ ന്യൂഭാരത് ക്വാറി. തൊട്ടുമുകളില്‍ 28 ആം മൈലില്‍ ജിയോ സാന്റ് ഉടമയുടെ ശ്രീലക്ഷ്മി ക്രഷര്‍. ഏഴ് നില കെട്ടിടത്തിന്റെ നീളത്തില്‍ മലതുരന്ന ഇവിടെ അത്രയും ആഴത്തില്‍ ജലബോംബ് കണക്കെ വെള്ളം കെട്ടിക്കിടക്കുകയാണ്. ഈ മഴയത്തും പുറത്ത് നിന്ന് പൂട്ടിയിട്ട് ക്രഷറിന്റെ അകത്ത് ജോലി തകൃതിയായി നടക്കുകയാണ്. ഈ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ മാധ്യമ സംഘത്തെ ക്വാറി ഉടമ നിയോഗിച്ച കാവല്‍ക്കാര്‍ തടഞ്ഞു.

ഉരുള്‍പൊട്ടലില്‍ ക്വാറിയുടെ അകത്ത് പോലും മരങ്ങളും പാറക്കൂട്ടങ്ങളും പതിച്ചിരിക്കുന്നു. ഈ ക്വാറിക്ക് താഴെയാണ് പൂളക്കുറ്റിയില്‍ ഉരുള്‍പൊട്ടി തിങ്കളാഴ്ച രാത്രി രണ്ടര വയസുകാരി നുമയും രാജനും ചന്ദ്രനും മരിച്ച് കിടന്നത്. കനത്ത മഴയുള്ള അന്നും 24ആം മൈലിലെ കരിങ്കല്‍ ക്വാറിയില്‍ മല തുരന്നിരുന്നു എന്ന് ഇരിട്ടി തഹസില്‍ദാറും സമ്മതിക്കുന്നു. ഇനിയും എത്ര മനുഷ്യ ജീവനുകള്‍ കുരുതി കൊടുത്താലാണ് ഒരു നിയന്ത്രണവുമില്ലാതെ മലതുരക്കുന്ന ഈ മരണക്കളി നിര്‍ത്തുക എന്ന ചോദ്യം മാത്രമാണ് ഇനി ബാക്കി.