സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യത ; എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് , കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. തിരുവനന്തപുരത്ത് യെല്ലോ അലേര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
നാളെയോടുകൂടി മഴ പൂര്‍ണമായും ശമിക്കുമെന്നായിരുന്നു നേരത്തെ വന്ന അലേര്‍ട്ട്. എന്നാല്‍ നാളെ മഴ തുടരും എന്നാണ് നിലവില്‍ പുറത്ത് വരുന്ന വിവരം. ചാലക്കുടി പുഴയിലെ ശക്തമായ ഒഴുക്ക് ഗൗരവമായി കാണുന്നുവെന്ന് റവന്യു മന്ത്രി കെ രാജന്‍. തീരുത്തുള്ളവര്‍ അടിയന്തരമായി മാറിതാമസിക്കണമെന്ന് മന്ത്രി ആവശ്യപ്പട്ടു. സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യമാണുള്ളത്. പറമ്പിക്കുളം, പെരിങ്ങല്‍ക്കുത്ത് ഡാമുകളില്‍ നിന്ന് വലിയ അളവില്‍ വെള്ളം ചാലക്കുടിപ്പുഴയിലേക്ക് ഒഴുകുന്നുണ്ട്.
ഓഗസ്റ്റ് നാല് വവര മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ടെങ്കിലും പലരും വിലക്ക് ലംഘിച്ച് പോവുന്നത് ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടെന്നും അത് പാടില്ലന്നും മന്ത്രി പറഞ്ഞു. എന്‍ഡിആര്‍എഫിന്റ പത്ത് സംഘങ്ങള്‍ സംസ്ഥാനത്ത് സജ്ജമാണ്. 191 ദുരിതാശ്വാസ ക്യാമ്പുകളിലായി 5649 പേരെയാണ് ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്നത്. നേവി, എയര്‍ഫോഴ്സ്, ആര്‍മി, ബോര്‍ഡര്‍ പോലീസ്, സിആര്‍പിഎഫ്, ബിഎസ്എഫ്, സിവില്‍ ഡിഫന്‍സ്, ഫയര്‍ ആന്റെ റെസ്‌ക്യൂ തുടങ്ങിയവയെല്ലാം സജ്ജമാണ്. വീടുകളിലേയും ഫാമുകളിലേയും മൃഗങ്ങളെ കൂടി മാറ്റാനുള്ള തയ്യാറെടുപ്പുകളും നടത്തുന്നുണ്ട്.
മോശം കാലാവസ്ഥയെ തുടര്‍ന്ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ഇറക്കാനായില്ല. ഇതേ തുടര്‍ന്ന് ആറ് വിമാനങ്ങള്‍ കൊച്ചിയിലെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. ഗള്‍ഫ് എയറിന്റെ ഷാര്‍ജയില്‍ നിന്നുള്ള വിമാനവും ബഹ്‌റൈനില്‍ നിന്നുള്ള വിമാനവും ഖത്തര്‍ എയര്‍വേയ്‌സിന്റെ ദോഹയില്‍ നിന്നുള്ള വിമാനവും എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ അബുദാബിയില്‍ നിന്നുള്ള വിമാനവും എയര്‍ അറേബ്യയുടെ ഷാര്‍ജയില്‍ നിന്നുള്ള വിമാനവുമാണ് നെടുമ്പാശേരിയിലിറങ്ങിയത്.
സംസ്ഥാനത്ത് മഴ കനത്തതോടെ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. പമ്പ, മണിമല, അച്ചന്‍കോവില്‍, കക്കാട് നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. നദീതീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും, ജനങ്ങള്‍ സുരക്ഷിതമായ ക്യാംപുകളിലേക്കു മാറണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. പറമ്പിക്കുളം ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കി വിടുകയും ചാലക്കുടിപ്പുഴയുടെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമാവുകയും ചെയ്തതോടെ ചാലക്കുടി പുഴയില്‍ വെള്ളം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് എത്രയും പെട്ടെന്ന് മാറി താമസിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.