മലവെള്ളപാച്ചിലില്‍ തടി പിടുത്തം ; മൂന്നു നരന്മാര്‍ അറസ്റ്റില്‍
സീതത്തോട് കക്കാടാറ്റില്‍ മലവെള്ളപ്പാച്ചിലില്‍ ‘നരന്‍’ മോഡല്‍ തടിപിടിത്തത്തിനിറങ്ങിയ മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടമന്‍പാറ സ്വദേശികളായ രാഹുല്‍ സന്തോഷ്, നിഖില്‍ ബിജു, വിപിന്‍ സണ്ണി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മലവെള്ളപ്പാച്ചിലില്‍ ഒഴുകി വന്ന തടിയുടെ മുകളില്‍ കയറി ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഈ യുവാക്കള്‍ക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. കനത്തമഴയെത്തുടര്‍ന്ന് കുത്തിയൊഴുകിയ കക്കാടാറ്റിലെ യുവാക്കളുടെ തടിപിടിത്തത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് ദൃശ്യങ്ങളിലുള്ള യുവാക്കളോട് മൂഴിയാര്‍ സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് നിര്‍ദേശം നല്‍കി.
തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിയ യുവാക്കളെ ഉച്ചയോടെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം ഇവരെ മൂന്ന് പേരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. വനത്തില്‍ നിന്നും ഒഴുകി വന്ന കാട്ടുതടിക്ക് മേലെ നീന്തി കേറിയതും വീഡിയോകള്‍ ഷൂട്ട് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതുമാണ് അറസ്റ്റിനു കാരണമായത്. തടിയില്‍ കയറി പറ്റാന്‍ കഴിഞ്ഞെങ്കിലും തടി കരയില്‍ എത്തിക്കാന്‍ യുവാക്കള്‍ക്ക് സാധിച്ചില്ല. ഒടുവില്‍ തടി ഒഴുക്കിനൊപ്പവും യുവാക്കള്‍ തിരിച്ച് കരയിലേക്കും നീന്തിക്കയറി. എല്ലാം കണ്ട് കരയ്ക്ക് നിന്ന സുഹൃത്താണ് ഈ സാഹസിക ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. പിന്നാലെ മോഹന്‍ലാല്‍ ചിത്രം നരനിലെ ഗാനം പിന്നണിയിലിട്ട് ചിത്രീകരിച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. എന്നാല്‍ ഇത് കണ്ട പോലീസ് കേസെടുക്കുകയായിരുന്നു.