ആത്മഹത്യയെ കുറിച്ച് ചിന്തിച്ച നാളുകളെ പറ്റി ദീപികാ പദുകോണ്‍
ബോളിവുഡിലെ താര റാണിയാണ് ദീപികാ പദുകോണ്‍. ആരാധകര്‍ ക്വീന്‍ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന താരം വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ്. അഭിനയം മാത്രമല്ല സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും താരം സജീവമാണ്. മാനസികാരോഗ്യത്തെ കുറിച്ചുള്ള ബോധവത്കരണങ്ങളില്‍ വളരെ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്നൊരു താരം കൂടിയാണ് ദീപിക. ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ ആത്മഹത്യയോടെ വിഷാദരോഗമെന്ന മാനസികാവസ്ഥയെ കുറിച്ച് തുറന്ന ചര്‍ച്ചകള്‍ ബോളിവുഡിലും അതിന് പിന്നാലെ യുവാക്കള്‍ക്കിടയിലും സജീവമായത്. ഈ സാഹചര്യങ്ങളിലെല്ലാം താന്‍ വിഷാദരോഗത്തെ എങ്ങനെയാണ് ചെറുത്ത് തോല്‍പിച്ചതെന്ന് ദീപിക പലതവണ തുറന്ന് പറഞ്ഞിരുന്നു.
ഇപ്പോഴിതാ വീണ്ടും അതെക്കുറിച്ച് വിശദമായി സംസാരിക്കുകയാണ് ദീപിക. മുംബൈയില്‍ അടുത്തിടെ നടന്നൊരു പരിപാടിക്കിടെയാണ് ദീപിക തന്റെ അനുഭവങ്ങള്‍ വീണ്ടും പങ്കുവച്ചത്. വിഷാദം അലട്ടിയിരുന്ന നാളുകളില്‍ ആത്മഹത്യയെ കുറിച്ചായിരുന്നു ഏറെയും ചിന്തിച്ചിരുന്നതെന്നും കൃത്യസമയത്ത് അമ്മയുടെ ഇടപെടലോടെ ചികിത്സ ലഭ്യമായതോടെയാണ് ജീവിതം മാറിമറിഞ്ഞതെന്നും ദീപിക പറയുന്നു.
‘കരിയറില്‍ ഏറ്റവും ഉയര്‍ച്ചയില്‍ നില്‍ക്കുന്ന സമയമായിരുന്നു അത്. എല്ലാം നല്ല രീതിയില്‍ മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്നു. ഇങ്ങനെയെല്ലാം സംഭവിക്കാന്‍ യാതൊരു കാരണങ്ങളും നിലനിന്നിരുന്നില്ല. എന്നിട്ടും അത് സംഭവിച്ചു. ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ എനിക്ക് വല്ലാത്ത ശൂന്യത തോന്നി. വയറ്റിനുള്ളില്‍ നിന്നൊക്കെ എന്തോ അസ്വസ്ഥത. എന്ത് ചെയ്യണമെന്നറിയില്ല. എങ്ങോട്ടെങ്കിലും പോകാന്‍ തോന്നും, പക്ഷേ എങ്ങോട്ടെന്ന് അറിയില്ല. ഒരു ദിശാബോധവുമില്ല. കുത്തിയിരുന്ന് കരഞ്ഞുകൊണ്ടേയിരുന്നു…
വിശദീകരിക്കാന്‍ ഒരു കാരണവുമില്ലാതെ ഞാന്‍ തകര്‍ന്നുകൊണ്ടിരുന്നു. ചില ദിവസങ്ങളില്‍ ഞാന്‍ കിടപ്പുമുറി വിട്ട് പുറത്തിറങ്ങുകയേ ചെയ്യില്ലായിരുന്നു. എപ്പോഴും ഉറങ്ങും. ഉറക്കം തീരാത്തത് കൊണ്ടല്ല, അതെനിക്കൊരു രക്ഷപ്പെടലായിരുന്നു. ആത്മഹത്യയെ കുറിച്ചായിരുന്നു എപ്പോഴും ചിന്ത…എന്റെ അമ്മയോടാണ് എനിക്ക് നന്ദി പറയാനുള്ളത്. എന്റെ പ്രശ്‌നം ആദ്യം തിരിച്ചറിഞ്ഞത് ( Depression Symptoms ) അമ്മയാണ്. കാരണം അത് തിരിച്ചറിയാനുള്ള മാനസികാവസ്ഥ പോലും എനിക്കില്ലായിരുന്നു. ബംഗലൂരുവില്‍ നിന്ന് അമ്മയും അച്ഛനും മുംബൈയില്‍ എന്നെ കാണാന്‍ വരുമ്പോഴെല്ലാം ഞാന്‍ എല്ലാ കാര്യങ്ങളും നോര്‍മലാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുമായിരുന്നു. എന്നിട്ടും അവരത് മനസിലാക്കി. പ്രണയമാണോ പ്രശ്‌നം, ജോലിയാണോ പ്രശ്‌നം, മറ്റെന്തെങ്കിലും സംഭവിച്ചോ എന്നെല്ലാം അമ്മ ചോദിച്ചുകൊണ്ടിരുന്നു. എനിക്ക് ഉത്തരമുണ്ടായിരുന്നില്ല…’- ദീപിക പറയുന്നു.
തുടര്‍ന്ന് വിഷാദരോഗം സ്ഥിരീകരിച്ചതോടെ സൈക്യാട്രിസ്റ്റിന് കീഴില്‍ ചികിത്സ തുടങ്ങിയെന്നും മരുന്ന് എടുത്ത് തുടങ്ങിയതോടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വന്നുതുടങ്ങിയെന്നും ദീപിക പറയുന്നു. നിലവില്‍ മാനസികാരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് തണലൊരുക്കുന്ന ‘ലിവ് ലവ് ലാഫ് ഫൗണ്ടേഷന്‍’ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് ദീപിക. 2015ല്‍ ദീപികയാണ് ഈ സ്ഥാപനത്തിന് തുടക്കമിട്ടത്. വിഷാദരോഗം പോലുള്ള മാനസിക വിഷമതകള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ചുറ്റുമുള്ളവരുടെ പിന്തുണ ഏറെ ആവശ്യമാണ്. ഒപ്പം ചികിത്സയും. ഈ രണ്ട് കാര്യങ്ങളും ഉറപ്പുവരുത്താനായില്ലെങ്കില്‍ ഒരുപക്ഷേ നമ്മുടെ കണ്‍മുന്നില്‍ വച്ചുതന്നെ നമ്മുടെ പ്രിയപ്പെട്ടവര്‍ ഇല്ലാതായിപ്പോകുന്ന അവസ്ഥയുണ്ടാകാം. അതുകൊണ്ട് തന്നെ മാനസികാരോഗ്യത്തെ നിസാരമായി കാണാതെ, അതിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിക്കൊണ്ട്, പോരാടിക്കൊണ്ട്, പരസ്പരം ആശ്രയമായിക്കൊണ്ട് നമുക്ക് ഓരോരുത്തര്‍ക്കും മുന്നോട്ടുപോകാനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്. ഇതുതന്നെയാണ് ദീപികയെ ( Deepika Padukone ) പോലുള്ളവരും നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. യുവാക്കള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ദ്ധിക്കുവാന്‍ വിഷാദ രോഗം കാരണമാകുന്നുണ്ട്. കൃത്യ സമയത്തു ചികിത്സ ലഭിച്ചില്ല എങ്കില്‍ വളരെ ഭീകരമായ അവസ്ഥയില്‍ ഈ രോഗം നമ്മളെ കൊണ്ടെത്തിക്കും.