പുറക്കാട്ടിരി പുഴയില്‍ കണ്ടെത്തിയത് ഇര്‍ഷാദിന്റെ മൃതദേഹം ; ഡി എന്‍ എ ഫലം വരുന്നതിന് മുമ്പ് മൃതദേഹം ദഹിപ്പിച്ചതെന്തിനു എന്ന് ഇര്‍ഷാദിന്റെ കുടുംബം
പുറക്കാട്ടിരി പുഴയില്‍ കണ്ടെത്തിയ മൃതദേഹം സ്വര്‍ണക്കടത്ത് സഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സ്വദേശി ഇര്‍ഷാദിന്റെ(26)യാണ് എന്ന് സ്ഥിരീകരിച്ചു. പുഴയില്‍ കണ്ടെത്തിയ മൃതദേഹം ഡിഎന്‍എ പരിശോധനിയിലൂടെയാണ് ഇര്‍ഷാദിന്റെതെന്ന് സ്ഥിരീകരിച്ചത്. ജൂലൈ 17നാണ് കടലൂര്‍ നന്തിയില്‍ മൃതദേഹം കണ്ടെത്തിയത്. കടപ്പുറത്ത് കണ്ടെത്തിയത് മേപ്പയ്യൂര്‍ സ്വദേശി ദീപകിന്റെ മൃതദേഹമാണെന്ന് കരുതി സംസ്‌കരിച്ചിരുന്നെങ്കിലും ചില ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതോടെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. മൃതദേഹം ദീപക്കിന്റേത് അല്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് ഇര്‍ഷാദിന്റെ രക്ഷിതാക്കളെ ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയരാക്കിയത്.
ജൂലൈ 16ന് പുറക്കാട്ടിരി പാലത്തില്‍ നിന്ന് ഇര്‍ഷാദ് താഴേക്ക് ചാടിയെന്ന് തട്ടിക്കൊണ്ടുപോയ സഘത്തില്‍ ഉണ്ടായിരുന്നവര്‍ മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കടലൂര്‍ നന്തിയില്‍ കണ്ടെത്തിയ മൃതദഹം ഇര്‍ഷാദിന്റെതാണെന്ന് കണ്ടെത്തിയത്. ഇതോടെ ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍, പോലീസ് കൊലപാതകത്തിനും കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ വയനാട് സ്വദേശി ഷെഹീല്‍, ജിനാഫ് പൊഴുതന സ്വദേശി സജീര്‍ പിണറായി സ്വദേശി മര്‍സീദ് എന്നിവരാണ് അറസ്റ്റിലായത്. എന്നിവരാണ് അറസ്റ്റിലായത്. കൂടുതല്‍ പേര്‍ നിരീക്ഷണത്തിലാണ്. ഇവരുടെ അറസ്റ്റ് ഉടനുണ്ടാകും. തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാനികളാണ് അറസ്റ്റിലായവര്‍.
മെയ് 13ന് ദുബായില്‍ നിന്ന് നാട്ടിലെത്തിയ പെരുവണ്ണമുഴി സ്വദേശി ഇര്‍ഷാദിനെയാണ് തട്ടിക്കൊണ്ടുപോയത്. ദേശത്തുനിന്ന് എത്തിച്ച 60 ലക്ഷത്തോളം മൂല്യമുള്ള സ്വര്‍ണം തിരികെനല്‍കിയില്ലെങ്കില്‍ ഇര്‍ഷാദിനെ കൊല്ലുമെന്നായിരുന്നു തട്ടിക്കൊണ്ടുപോയവരുടെ ഭീഷണി. തുടര്‍ന്ന് ബന്ധുക്കള്‍ ഈ വിവരം പൊലിസിനെ അറിയിച്ചിരുന്നു. അതേസമയം നീന്തല്‍ അറിയാമായിരുന്ന ഇര്‍ഷാദ് മുങ്ങിമരിക്കുമെന്ന് കരുതുന്നില്ലെന്നും സ്വര്‍ണ്ണക്കടത്ത് സംഘം അപായപ്പെടുത്തിയതാകാമെന്നും ഇര്‍ഷാദിന്റെ പിതാവ് നാസര്‍ പറഞ്ഞു. ഇര്‍ഷാദിന്റെ കൈവശം കൊടുത്തുവിട്ട സ്വര്‍ണ്ണം തിരികെ വേണമെന്നാവശ്യപ്പെട്ട് നാസര്‍ എന്നയാളാണ് വിളിക്കാറുള്ളത്. ഇയാള്‍ മുമ്പ് ഇര്‍ഷാദിനെ തേടി നാട്ടില്‍ വന്നിരുന്നുവെന്നും പിതാവ് പറഞ്ഞു. അറസ്റ്റിലായ സമീര്‍ കബീര്‍, നിജാസ് എന്നിവരെ കൂടാതെ രണ്ട് പേരും കൂടി സ്വര്‍ണ്ണക്കടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മകന്‍ നാട്ടിലെത്തിയ കാര്യം അറിയുന്നത് വളരെ വൈകിയാണ്. രണ്ടാമത്തെ മകനെ വിദേശത്ത് സ്വര്‍ണ്ണക്കടത്ത് സംഘം തടവില്‍ ആക്കിയപ്പോഴാണ് മകന്‍ നാട്ടിലെത്തിയെന്ന കാര്യം അറിഞ്ഞതെന്നും ഇര്‍ഷാദിന്റെ പിതാവ് പറഞ്ഞു.
മൃതദേഹം ദീപക്കിന്റേതാണോ എന്നതില്‍ അവരുടെ കുടുംബം സംശയം പ്രകടിപ്പിച്ചിരുന്നുവെന്നാണ് അറിഞ്ഞതെന്നും ഇര്‍ഷാദിന്റെ ബന്ധുക്കള്‍ പറഞ്ഞു. എന്നിട്ടും ഡിഎന്‍എ പരിശോധനാ ഫലം വരുന്നതിന് മുമ്പ് മൃതദേഹം ദഹിപ്പിച്ചത് എന്തിനാണെന്ന ചോദ്യമാണ് ഇര്‍ഷാദിന്റെ കുടുംബം ഉയര്‍ത്തുന്നത്.
പന്തിരിക്കരയില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം തട്ടികൊണ്ടുപോയ ഇര്‍ഷാദിന് വേണ്ടിയുള്ള അന്വേഷണം എത്തിനില്‍ക്കുന്നത് നാടകീയമായ വഴിത്തിരിവിലാണ്. കാണാതായ ദീപക്കിന്റേതെന്ന് കരുതി ദഹിപ്പിച്ചത് ഇര്‍ഷാദിന്റെ മൃതദേഹമാണെന്നാണ് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞത്. ദുരൂഹ സാഹചര്യത്തില്‍ അടുത്തടുത്ത പ്രദേശങ്ങളില്‍ നിന്ന് കാണാതായ രണ്ട് ചെറുക്കാര്‍. കാഴ്ചയിലും ശരീര ഘടനയിലും സമാനതയുളളവര്‍. തീര്‍ന്നില്ല ഇരുവരെയും തൊഴില്‍ പശ്ചാത്തലവും കാണാതായ രീതിയും മാത്രമല്ല ബന്ധുക്കള്‍ പരാതി നല്‍കാനെടുത്ത സമയത്തില്‍ പോലും സാദൃശ്യമുണ്ട്. ജൂണ്‍ ആറിനാണ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന മേപ്പയൂര്‍ സ്വദേശി ദീപക്കിനെ കാണാതാവുന്നത്.
മുന്പും വീട് വിട്ടുപോയ ചരിത്രമുളളതിനാല്‍ ദീപക്കിന്റ ബന്ധുക്കള്‍ പരാതി നല്‍കാന്‍ ഒരു മാസം വൈകി. ജൂലൈ ഒമ്പതിന് മേപ്പയൂര്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണം തുടരുന്നതിനിടെ ജൂലൈ 17 ന് കൊയിലാണ്ടി തീരത്ത് ഒരു മൃതദേഹം കണ്ടെത്തി. മൃതദേഹം ജീര്‍ണിച്ചിരുന്നു. ദീപക്കുമായുളള രൂപസാദൃശ്യം മൂലം മരിച്ചത് ദീപക് തന്നെയെന്ന ധാരണയില്‍ മതാചാര പ്രകാരം മൃതദേഹം ദഹിപ്പിച്ചു. ചില ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് പൊലീസ് ഡിഎന്‍എ പരിശോധനയക്കായി മൃതദേഹത്തില്‍ നിന്ന് സാംപിള്‍ എടുത്തിരുന്നു. ഇതിനിടെയാണ് പന്തിരിക്കര സ്വദേശി ഇര്‍ഷാദിനായി പെരുവണ്ണാമൂഴി പൊലീസ് അന്വേഷണം തുടങ്ങിയത്. ഇര്‍ഷാദിനെ കാണാതായത് ജൂലൈ ആറിന്. ബന്ധുക്കള്‍ പരാതി കൊടുത്തതാകട്ടെ ജൂലൈ 22നും.
ഇതിനിടെ ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയവര്‍ ഇര്‍ഷാദ് പുറക്കാട്ടിരി പാലത്തില്‍ നിന്ന് ചാടിയെന്ന വിവരം പൊലീസിന് നല്‍കി. പ്രതികളഉടെ ടവര്‍ ലൊക്കേഷനും ഈ പ്രദേശത്ത് തന്നെയെന്ന് പൊലീസ് കണ്ടെത്തി. അങ്ങനെയാണ് എലത്തൂര്‍ പൊലീസുമായി ചേര്‍ന്ന് അന്വേഷണം തുടങ്ങിയത്. തുടര്‍ന്നാണ് ദീപക്കിന്റേതെന്ന പേരില്‍ സംസ്‌കരിച്ച മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പൊലീസ് പരിശോധിച്ചത്. ഈ ചിത്രത്തിന് സാമ്യം കൂടുതല്‍ ഇര്‍ഷാദുമായെന്ന് വിവരം കിട്ടി. അതിനിടെ മൃതദേഹത്തില്‍ നിന്ന് ശേഖരിച്ച സാംപിളിന്റെ ഡിഎന്‍എ പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ട് വന്നു. അത് പ്രകാരം കണ്ടെത്തിയത് ദീപക്കിന്റെ മൃതദേഹമല്ലെന്ന് സ്ഥിരീകരിച്ചു. ഇന്ന് മൃതദേഹം ഇര്‍ഷാദിന്റേതാണെന്നും സ്ഥിരീകരിച്ചു.