ലുങ്കിയുടുത്ത് മള്‍ട്ടിപ്ലക്‌സില്‍ സിനിമ കാണാന്‍ വന്ന വൃദ്ധനെ തിയേറ്റില്‍ കയറ്റിയില്ല ; സോഷ്യല്‍ മീഡിയ ഇടപെട്ടപ്പോള്‍ സ്വീകരിച്ചിരുത്തി
നമ്മുടെ പല പഴയകാല വസ്ത്രങ്ങളും ഇപ്പോള്‍ ധരിക്കുന്നതും അത് ധരിച്ചു വരുന്നവരെ കാണുന്നതും പലര്‍ക്കും കുറച്ചിലാണ്. നമ്മളൊക്കെ മോഡേണ്‍ ആണെന്ന് കാണിക്കാന്‍ വേണ്ടിയാണു ഈ പ്രഹസനം. കൈലിമുണ്ട് നമ്മുടെ മാത്രമല്ല നമ്മുടെ അയാല്‍ നാട്ടുകാരുടെയും ഇഷ്ട വസ്ത്രമാണ്. അത്തരത്തില്‍ ബഗ്‌ളാദേശില്‍ നിന്നാണ് ഈ വാര്‍ത്ത. ലുങ്കിയുടുത്ത് വന്നതുകൊണ്ട് മള്‍ട്ടിപ്ലക്‌സ് തിയേറ്ററില്‍ പ്രവേശിപ്പിച്ചില്ലെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരാള്‍. ബംഗ്ലാദേശിലെ ധക്കയിലാണ് സംഭവം. പ്രമുഖ മള്‍ട്ടിപ്ലക്‌സ് ശൃംഖലയായ സ്റ്റാര്‍ സിനിപ്ലക്‌സ് തിയേറ്ററില്‍ സിനിമ കാണാനെത്തിയെങ്കിലും ലുങ്കി ഉടുത്തതിന്റെ പേരില്‍ തനിക്ക് ടിക്കറ്റ് നല്‍കിയില്ലെന്നാണ് സമന്‍ അലി സര്‍ക്കാര്‍ എന്നയാള്‍ പറയുന്നത്.
ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വൈറലാവുകയും ചെയ്തു. അതേസമയം ഈ സംഭവം ഒരു തെറ്റിദ്ധാരണയുടെ പേരിലുണ്ടായതാണെന്നും അത്തരത്തില്‍ വസ്ത്രത്തിന്റെ പേരില്‍ ആരെയെങ്കിലും മാറ്റിനിര്‍ത്തുകയെന്നത് തങ്ങളുടെ നയമല്ലെന്നും സ്റ്റാര്‍ സിനിപ്ലക്‌സ് വിശദീകരിച്ചു. വിവാദങ്ങള്‍ക്ക് പിന്നാലെ സമന്‍ അലി സര്‍ക്കാരിനെയും കുടുംബത്തെയും ഇവര്‍ തിയേറ്ററിലേക്ക് ക്ഷണിക്കുകയും ചെയ്തു. തുടര്‍ന്ന് ഇദ്ദേഹം കുടുംബത്തോടൊപ്പം തിയേറ്ററില്‍ വന്ന് ( Multiplex Theatre) സിനിമ കാണുകയും ചെയ്തു. ഏത് ചിത്രത്തിനാണോ ടിക്കറ്റ് നിഷേധിക്കപ്പെട്ടുവെന്ന് പരാതിപ്പെട്ടത്, അതേ ചിത്രത്തില്‍ വേഷമിട്ട താരവും ഇവര്‍ക്കൊപ്പം സിനിമ കാണാനെത്തി.
സമന്‍ അലിയുടെ വീഡിയോ വൈറലായതിന് ശേഷം പ്രതിഷേധസൂചകമായി നിരവധി പേര്‍ തിയേറ്ററിലേക്ക് ലുങ്കിയുടുത്ത് എത്തിയിരുന്നു. ഇതിന് ശേഷമാണ് സമന്‍ അലിയെയും കുടുംബത്തെയും തിയേറ്ററുകാര്‍ ക്ഷണിച്ചത്. അപ്പോഴും ലുങ്കിയുടുത്ത് തന്നെയാണ് ഇവര്‍ സിനിമ കാണാന്‍ എത്തിയത്. കുട്ടികളും സ്ത്രീകളുമടക്കമുള്ള സമന്‍ അലിയുടെ കുടുംബം സിനിമ കാണാനെത്തിയതിന്റെ ഫോട്ടോയും സ്റ്റാര്‍ സിനിപ്ലക്‌സ് പങ്കുവച്ചിട്ടുണ്ട്. തിയേറ്റര്‍ അധികാരികളും ജീവനക്കാര്‍ക്കുമൊപ്പം സമന്‍ അലിയും കുടുംബവും നില്‍ക്കുന്നതാണ് ഫോട്ടോയിലുള്ളത്. ഏത് വിഭാഗത്തില്‍ പെടുന്നവര്‍ക്കും തങ്ങളുടെ തിയേറ്ററുകളില്‍ പ്രവേശിക്കാമെന്നും യാതൊരു തരത്തിലുള്ള മാറ്റിനിര്‍ത്തലുകളും ഇല്ലാതെ ഒന്നിച്ചിരുന്ന് സിനിമ ആസ്വദിക്കാമെന്നുമാണ് ഇപ്പോള്‍ സ്റ്റാര്‍ സിനിപ്ലക്‌സ് അവകാശപ്പെടുന്നത്. ഏതായാലും സംഭവം ശുഭകരമായി അവസാനിച്ചതോടെ ഏവരും സന്തോഷത്തിലാണ്. സോഷ്യല്‍ മീഡിയയില്‍ സമന്‍ അലിയും കുടുംബവും തിയേറ്ററിലെത്തുന്നതിന്റെ ഫോട്ടോകള്‍ക്കുള്ള അംഗീകാരം തന്നെയാണ് ഇതിന്റെ തെളിവ്. പക്വതയാര്‍ന്ന ഇടപെടല്‍ നടത്തിയ തിയേറ്ററിനും കയ്യടി നല്‍കുകയാണ് ആളുകള്‍.