മുല്ലപ്പെരിയാര്‍ ഡാം തുറന്നു ; മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി ; കൂടുതല്‍ വെളളം പുറത്തേക്ക്

മുല്ലപ്പെരിയാര്‍ ഡാമിന്റെ അണക്കെട്ട് തുറന്നു. ആറ് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതമാണ് തുറന്നത്. സെക്കന്റില്‍ 1000 ഘനയടി വെള്ളമാണ് ഇപ്പോള്‍ പുറത്തേക്കൊഴുക്കുന്നത്. രാവിലെ പതിനൊന്ന് മണിയോടെ ഷട്ടര്‍ തുറക്കുമെന്നാണ് തമിഴ്‌നാട് അറിയിച്ചിരുന്നത്. എന്നാല്‍ അണക്കെട്ടിലേക്ക് ഒഴുകി എത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ ഷട്ടര്‍ തുറക്കുന്നത് തമിഴ്‌നാട് താമസിപ്പിച്ചു. ഒരു മണിയോടെയാണ് ഒടുവില്‍ ഷട്ടര്‍ തുറന്നത്. മണിക്കൂറില്‍ 0.1 ഘനയടി എന്ന തോതില്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നത് 0.05 ഘനയടിയിലേക്ക് താഴ്ന്നതോടെയാണ് ഷട്ടര്‍ തുറക്കുന്നത് തമിഴ്‌നാട് താമസിപ്പിച്ചത്.

തുറന്നുവിടുന്ന ജലം വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, ഉപ്പുത്തറ, അയ്യപ്പന്‍കോവില്‍ വഴി ഇടുക്കി ഡാമിലെത്തും. പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പെരിയാറില്‍ ഇറങ്ങാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. അതേസമയം മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നതില്‍ ആശങ്കയറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. നീരൊഴുക്ക് ശക്തമായ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും കൂടുതല്‍ ജലം കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് അടിയന്തര ഇടപെടല്‍ വേണമെന്ന് കത്തില്‍ ആവശ്യം. അണക്കെട്ടിലെ ജലനിരപ്പ് കുറക്കുന്നതിന് വേണ്ടി തമിഴ്‌നാട് കൂടുതല്‍ ജലം കൊണ്ടുപോകണമെന്നും, സ്വീകരിക്കുന്ന നടപടികള്‍ 24 മണിക്കൂര്‍ മുന്‍കൂട്ടി കേരളത്തെ അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ വര്‍ഷം കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കാതെ രാത്രി സമയത്ത് തമിഴ്‌നാട് മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ തുറന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. പുഴയിലെ നീരൊഴുക്കി വര്‍ധിച്ച് പല വീടുകളിലും വെള്ളം കയറിയ സാഹചര്യവും ഉണ്ടായി. ഇതേ തുടര്‍ന്നാണ് 24 മണിക്കൂര്‍ മുന്‍കൂട്ടി കേരളത്തെ നടപടികള്‍ അറിയിക്കണമെന്ന് കേരളം അഭ്യര്‍ത്ഥിച്ചത്. ഒരു മണിയോടെ അണക്കെട്ടിലെ ജലനിരപ്പ് 137.5 അടിയിലേക്ക് എത്തി. ഇതിനു പിന്നാലെയാണ് തമിഴ്‌നാട് മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ തുറന്നത്. റൂള്‍ കര്‍വ് പാലിച്ചാണ് തമിഴ്‌നാടിന്റെ നടപടി. മൂന്ന് ഷട്ടറുകളിലൂടെ സെക്കന്റില്‍ 534 ഘനയടി വെള്ളമാണ് ആദ്യം പുറത്തേക്കോഴുക്കിയത്. 3 മണിയോടെ 3 ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ ആളവ് ഇരട്ടിയായി. 6 ഷട്ടറുകള്‍ തുറന്നെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍. സെക്കന്റില്‍ ആറായിരം ഘടയടി വെള്ളം പുറത്തേക്കൊഴുക്കുന്ന സാഹചര്യം ഉണ്ടായാല്‍ മാത്രമേ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറൂ. എന്നാലും പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

കൊല്ലത്ത് തെന്മല പരപ്പാറ ഡാമിന്റെ ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തി. 10 സെന്റീമീറ്റര്‍ വീതം മൂന്നു തവണയായാണ് 30 സെന്റീമീറ്ററിലേക്ക് ഉയര്‍ത്തിയത്. മഴ തുടരുന്ന സാഹചര്യമുണ്ടായാല്‍ നാളെ 50 സെന്റീമീറ്റര്‍ വരെയാക്കി ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കല്ലടയാറ്റിന്റെ ഇരു കരകളിലുമുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.