മഴക്കെടുതി ; കേരളത്തില്‍ ആറുദിവസത്തിനിടെ മരിച്ചത് 21 പേര്‍

ഒരാഴ്ചയായി തുടരുന്ന മഴയില്‍ സംസ്ഥാനത്ത് പൊലിഞ്ഞത് 21 ജീവന്‍. മൂന്നുപേരെ കാണാതായി. പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. നാലുപേര്‍ക്ക് വീതമാണ് ഇവിടങ്ങളില്‍ ജീവന്‍ നഷ്ടമായത്. കൊല്ലം- 3, കണ്ണൂര്‍- 3, തൃശൂര്‍-2, കാസര്‍ഗോഡ്- 2 തിരുവനന്തപുരം-1, എറണാകുളം- 1 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ മരിച്ചവരുടെ കണക്ക്. പത്തനംതിട്ട, തൃശൂര്‍, ഇടുക്കി എന്നിവിടങ്ങളില്‍ ഒരോരുത്തരെ വീതം കാണാതായി. അതേസമയം, മൂന്നു പേരുടെ മരണം മഴക്കെടുതിയെ തുടര്‍ന്നാണെന്ന് ഉറപ്പാക്കിയിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ജൂലൈ 31 മുതല്‍ ഇന്നലെ രാത്രിവരെയുള്ള കണക്കാണിത്.

മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്താകെ 365 ദുരിതാശ്വാസ ക്യാംപുകളാണ് തുറന്നിട്ടുള്ളത്. 4520 കുടുംബങ്ങളിലായി 13,122 പേരാണ് ക്യാംപുകളില്‍ കഴിയുന്നത്. ഏറ്റവും കൂടുതല്‍ ക്യാംപുകള്‍ തുറന്നത് തൃശൂരാണ്, 94 എണ്ണം. പത്തനംതിട്ട 78, കോട്ടയം 63, ആലപ്പുഴ- 33, എറണാകുളം 32, കോഴിക്കോട്- 15, വയനാട് – 14, ഇടുക്കി- 11 എന്നിങ്ങനെയാണ് ക്യാംപുകളുടെ കണക്കുകള്‍. കഴിഞ്ഞ അഞ്ച് ദിവസം സംസ്ഥാനത്ത് രേഖപ്പെടുത്തിയത് റെക്കോര്‍ഡ് മഴ. 204 മില്ലീമീറ്റര്‍ മഴയാണ് സംസ്ഥാനത്ത് ആകെ ലഭിച്ചത്. 5 ദിവസത്തില്‍ പ്രതീക്ഷിച്ചിരുന്ന മഴയെക്കാള്‍ 126 ശതമാനം കൂടുതലാണ് ഇത്. ഇടുക്കി ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചപ്പോള്‍ കുറവ് പെയ്തത് തിരുവനന്തപുരത്താണ്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം ഒന്നാം തീയതി മുതല്‍ ഇന്നലെ വരെ 5 ദിവസത്തില്‍ ഏറ്റവും ഉയര്‍ന്ന മഴയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഐ എം ഡി പ്രവചനപ്രകാരം അഞ്ച് ദിവസം 90.6 ശതമാനം മഴയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ലഭിച്ചത് 204 മില്ലീമീറ്റര്‍ മഴ. ജില്ല അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ഇടുക്കി ജില്ലയിലാണ്. അഞ്ച് ദിവസത്തില്‍ 360 മില്ലീമീറ്റര്‍. പ്രതീക്ഷിച്ചതിനേക്കാള്‍ 164% കൂടുതലാണ് ഇടുക്കിയില്‍ പെയ്തത്. 325 മില്ലീമീറ്റര്‍ മഴ ലഭിച്ച തൃശൂരും, 303 മില്ലീമീറ്റര്‍ മഴ ലഭിച്ച എറണാകുളം ജില്ലയുമാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ച മറ്റ് ജില്ലകള്‍. ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരം ജില്ലയിലാണ്.115.2 മില്ലിമീറ്റര്‍. മഴ രേഖപ്പെടുത്തുന്ന സ്റ്റേഷന്‍ തിരിച്ചുള്ള കണക്കില്‍, പൊന്‍മുടി 752 മില്ലീമീറ്ററും, തീക്കോയ് 633 മില്ലീമീറ്ററും അഞ്ച് ദിവസത്തില്‍ രേഖപ്പെടുത്തി.