കേരളത്തില്‍ മാത്രമുള്ള വിചിത്ര നിയമങ്ങള്‍ ; ഹെല്‍മറ്റില്‍ ക്യാമറ വെച്ചാല്‍ ആയിരം രൂപ പിഴ ; 3 മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കും

ലോകം പുരോഗമനപരമായ പാതയില്‍ മുന്നേറുന്ന സമയമാണ് ഇപ്പോള്‍. ടെക്നോളജി നിത്യ ജീവിതത്തിന്റെ ഭാഗമായിട്ട് കാലം കുറച്ചു ആയി. പുതിയ പുതിയ സംവിധാനങ്ങള്‍ വരുമ്പോള്‍ ആദ്യം പരീക്ഷിക്കുന്നവരില്‍ മുന്നിലാണ് മലയാളികള്‍. പ്രത്യേകിച്ച് യുവാക്കള്‍. എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇപ്പോഴും പതിറ്റാണ്ടുകള്‍ക്ക് പിന്നിലാണ്. അല്ലെങ്കില്‍ ഭരണകര്‍ത്താക്കളുടെ മനഃസ്ഥിതി ഇപ്പോഴും പഴഞ്ചന്‍ ആണ് എന്ന് പറയേണ്ടി വരും. മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ മാസങ്ങള്‍ കൂടുമ്പോള്‍ പുതുപുത്തന്‍ കാറുകള്‍ വാങ്ങുന്ന നാടാണ് എങ്കിലും കുഴിയില്ലാത്ത റോഡുകള്‍ വിരളമായ നാടാണ് എങ്കിലും നാട് മുഴുവന്‍ ട്രാഫിക്ക് നിരോധനം പിടികൂടാന്‍ കോടികള്‍ മുടക്കി ക്യാമറകള്‍ വെക്കുന്ന സമയമാണ് എങ്കിലും നാട്ടുകാര്‍ക്ക് പുരോഗമനം പാടില്ല എന്ന വാശിയിലാണ് ഭരണകര്‍ത്താക്കള്‍.

അതുകൊണ്ടുതന്നെ ലോകത്ത് മറ്റൊരിടത്തും ഇല്ലാത്ത വിചിത്രമായ നിയമങ്ങള്‍ ആണ് കേരളത്തില്‍ ഇപ്പോള്‍. ഇരുചക്ര വാഹന യാത്രക്കാര്‍ ഹെല്‍മറ്റുകളില്‍ ക്യാമറ ഘടിപ്പിക്കുന്നത് വിലക്കി മോട്ടോര്‍ വാഹന വകുപ്പ്. ഹെല്‍മറ്റുകളുടെ ഘടനയില്‍ വരുത്തുന്ന മാറ്റം അപകടങ്ങള്‍ ഉണ്ടാക്കുമെന്നതിനാലാണ് നടപടി. ഹെല്‍മറ്റുകളില്‍ ക്യാമറ ഘടിപ്പിച്ചത് കണ്ടെത്തിയാല്‍ 1000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. ആവശ്യമെങ്കില്‍ മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കാനും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി. അടുത്തിടെ ഉണ്ടായ അപകടങ്ങളില്‍ ക്യാമറ വച്ച ഹെല്‍മറ്റ് ധരിച്ചവര്‍ക്ക് പരിക്കേല്‍ക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം എന്നാണ് പറയപ്പെടുന്നത്.

അതേസമയം വന്‍ എതിര്‍പ്പാണ് ഇതിനെതിരെ ഉയരുന്നത്. ലോകത്ത് മറ്റൊരിടത്തും ഇല്ലാത്ത കണ്ടെത്തല്‍ ആണ് നമ്മുടെ നാട്ടില്‍ എന്നാണ് പൊതുവെ ഉയരുന്ന ആരോപണം. ഹെല്‍മെറ്റില്‍ ക്യാമറ ഘടിപ്പിക്കുന്നത് യാത്രക്കാര്‍ക്ക് സുരക്ഷിതത്വം കൂടുവാന്‍ സഹായിക്കും എന്നാണ് പൊതുവെ ഉള്ള അഭിപ്രായം. സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ ബി ജെ പി നേതാവ് സന്ദീപ് വാര്യര്‍ രംഗത്ത് വന്നു. ആയിരം രൂപ പിഴയും മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദ് ചെയ്യലുമെന്ന നടപടിയെ പരിഹസിച്ച സന്ദീപ് വാര്യര്‍ ഹെല്‍മെറ്റില്‍ ക്യാമറ വച്ച കുറ്റത്തിന് തൂക്കി കൊന്നേക്കണമെന്നും വിമര്‍ശിച്ചു. ഹെല്‍മെറ്റില്‍ ക്യാമറ ഘടിപ്പിച്ചത് കൊണ്ട് എത്ര അപകടം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ചോദിച്ച സന്ദീപ് എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് പറയണമെന്നും ആവശ്യപ്പെട്ടു. ജനങ്ങളോടുള്ള സ്‌നേഹം കൊണ്ടല്ല മറിച്ച് ഉദ്യോഗസ്ഥ ധാര്‍ഷ്ട്യത്തിനെതിരെയുള്ള തെളിവായി ക്യാമറ ഹെല്‍മെറ്റിലെ ദൃശ്യങ്ങള്‍ മാറുന്നതിനുള്ള അസഹിഷ്ണുതയാണ് ഈ തീരുമാനത്തിന് പിന്നിലെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ബി ജെ പി നേതാവ് അഭിപ്രായപ്പെട്ടു.