ചൈന ആക്രമിക്കാന്‍ ഒരുങ്ങുന്നു ; തായ്വാന്‍- ചൈന സംഘര്‍ഷം രൂക്ഷമാകുന്നു
തായ്വാനെ നേരിട്ടാക്രമിക്കാന്‍ ചൈന ഒരുങ്ങുന്നതായി തായ്വാന്‍ പ്രതിരോധമന്ത്രാലയം. തായ്വാനെ വളഞ്ഞ് വ്യാഴാഴ്ച തുടങ്ങിയ ചൈനയുടെ സൈനിക അഭ്യാസം മൂന്നാം ദിവസവും തുടരുകയാണ്. നൂറ് യുദ്ധവിമാനങ്ങളും 13 പടക്കപ്പലുകളും ഇതിനകം അഭ്യാസത്തിന്റെ ഭാഗമായെന്നാണ് ചൈനയുടെ പ്രതികരണം. ചൈനീസ് യുദ്ധവിമാനങ്ങളും കപ്പലുകളും തായ്വാന്‍ കടലിടുക്കില്‍ അതിര്‍ത്തി കടന്നെന്ന് തായ്വാന്‍ ആരോപിച്ചു. തായ്വാനെ ആക്രമിക്കാന്‍ ചൈന ഒരുങ്ങുന്നുവെന്നും തായ്വാന്‍ പ്രതിരോധ മന്ത്രാലയം ആരോപിക്കുന്നു. പത്തോളം മിസൈലുകള്‍ തായ്പെയ്ക്ക് മുകളിലൂടെ പറന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനിടെ തായ്വാന്‍ പ്രതിരോധ മന്ത്രാലയം ഗവേഷണവിഭാഗം ഉപമേധാവിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ചൈന പ്രഖ്യാപിച്ചു. തായ്വാന്‍ പ്രതിരോധ മന്ത്രാലയത്തിലെ ഗവേഷണവിഭാഗം ഉപമേധാവി യാങ് ലി സിങിനെയാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തെക്കന്‍ തായ്വാനിലെ ഹോട്ടല്‍ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. അമേരിക്കയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ ചൈന വെട്ടിച്ചുരുക്കി. ചൈനയുടെ എതിര്‍പ്പ് അവഗണിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ് സ്പീക്കര്‍ നാന്‍സി പെലോസി തായ്വാന്‍ സന്ദര്‍ശിച്ചതില്‍ പ്രതിഷേധിച്ചാണ് ചൈനയുടെ നടപടി. കാലാവസ്ഥ വ്യതിയാനം, അഭയാര്‍ത്ഥി പ്രശ്‌നം, അന്താരാഷ്ട്ര കുറ്റകൃത്യങ്ങള്‍, സൈനിക ആയുധ കാര്യങ്ങളിലടക്കമുള്ള അന്താരാഷ്ട്ര ഉഭയകക്ഷി ചര്‍ച്ചകളില്‍ നിന്നാണ് ചൈന പിന്മാറിയത്.കഴിഞ്ഞ ദിവസം നാന്‍സി പെലോസിക്കും കുടുംബത്തിനും ചൈന വിലക്കേര്‍പ്പെടുത്തിയിരുന്നു. ചൈനയുടേത് നിരുത്തരവാദമായ പ്രവര്‍ത്തിയെന്നായിരുന്നു അമേരിക്കയുടെ പ്രതികരണം. കഴിഞ്ഞ ദിവസം ചൈനീസ് സ്ഥാനപതിയെ വിളിച്ചു വരുത്തി അമേരിക്ക പ്രതിഷേധം അറിയിച്ചിരുന്നു.