ഇടുക്കി ഡാം നാളെ തുറക്കും

വടക്കന്‍ കേരളത്തില്‍ മഴ തുടരുന്നതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ട് നാളെ തുറക്കും. കുറച്ചു വെള്ളം മാത്രം തുറന്നു വിടുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലിലേക്ക് എത്തുന്ന സാഹചര്യത്തില്‍ ആണ് തീരുമാനം. രാവിലെ പത്തു മണിക്ക് തുറക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. 50 ക്യുമെക്‌സ് വെള്ളം ആയിരിക്കും തുറന്നു വിടുക. ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി അണക്കെട്ട് റെഡ് അലര്‍ട്ടിലാണ്. ഇടുക്കി ഡാമിലെ അധിക ജലം സ്പില്‍വേയിലൂടെ ഒഴുക്കി വിടുന്നതിന്റെ ഭാഗമായി മുന്നാം ഘട്ട മുന്നറിയിപ്പായി ഇന്ന് രാവിലെ 7.30 മുതല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയായിരുന്നു. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് 12 മണിക്ക് 70cm നിന്നും 60cm ആയി താഴ്ത്തിയിട്ടുണ്ട്. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. മധ്യ, വടക്കന്‍ കേരളത്തില്‍ മഴ തുടരും. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത തുടരുന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കോഴിക്കോട്, ഇടുക്കി, വയനാട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ 10 സ്പില്‍വേ ഷട്ടറുകള്‍ തുറന്നിട്ടും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്ന് തന്നെയാണ് ഉള്ളത്. ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 138.05 അടിയായി. പെരിയാര്‍ തീരത്ത് അതീവ ജാഗ്രത തുടരുകയാണ്. നാളെ 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്.കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് എന്ന് മുന്നറിയിപ്പുണ്ട്.