അവസാന ഓവറില്‍ ഇംഗ്ലണ്ടിനെ മലര്‍ത്തിയടിച്ചു ഇന്ത്യന്‍ പെണ്‍ പട
കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റ് സെമി ഫൈനലില്‍ ആവേശപ്പോരില്‍ ഇന്ത്യക്ക് ജയം. ഇന്ത്യ ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അവസാന രണ്ടോവറില്‍ ജയിക്കാന്‍ 27 റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിനായി പൂജ വസ്ട്രക്കര്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 13 റണ്‍സടിച്ച് നതാലി സ്‌കൈവര്‍ പ്രതീക്ഷ നല്‍കിയെങ്കിലും അവസാന പന്തില്‍ സ്‌കൈവര്‍ റണ്ണൗട്ടായതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റു.
സ്‌നേഹ് റാണ എറിഞ്ഞ അവസാന ഓവറില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ 14 റണ്‍സായിരുന്നു വേണ്ടിയരുന്നത്. ആദ്യ പന്ത് ഡോട്ട് ബോളായി. രണ്ടാം പന്തില്‍ സിംഗിള്‍, മൂന്നാം പന്തില്‍ കാതറീന്‍ ബ്രന്റിനെ(0) മടക്കി സ്‌നേഹ് റാണ ഇംഗ്ലണ്ടിന്റെ അവസാന പ്രതീക്ഷയും തകര്‍ത്തു. നാലാം പന്തിലും അഞ്ചാം പന്തിലും സിംഗിള്‍ മാത്രം വഴങ്ങിയ സ്‌നേഹ് റാണയെ അവസാന പന്തില്‍ സോഫി എക്ലിസ്റ്റണ്‍ സിക്‌സിന് പറത്തിയെങ്കിലും വൈകിപ്പോയിരുന്നു. സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ 164-5, ഇംഗ്ലണ്ട് 20 ഓവറില്‍ 160-6.
അവസാന മൂന്നോവറില്‍ ഏഴ് വിക്കറ്റ് ശേഷിക്കെ 35 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയരുന്നത്. നതാലി സ്‌കൈവറും ആമി ജോണ്‍സുമായിരുന്നു ഇന്ത്യക്ക് ഭീഷണിയായി ക്രീസിലുണ്ടായിരുന്നത്. പതിനെട്ടാം ഓവരിലെ രണ്ടാം പന്തില്‍ ആമി ജോണ്‍സ്(24 പന്തില്‍ 31) ഇല്ലാത്ത റണ്ണിനോടി റണ്‍ ഔട്ടായത് മത്സരത്തില്‍ വഴിത്തിരിവായി. പ്രതീക്ഷയായിരുന്ന നതാലി സ്‌കൈവര്‍(43 പന്തില്‍41)പത്തൊമ്പതാം ഓവറിലെ അവസാന പന്തില്‍ റണ്ണൗട്ടയാതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷ തകര്‍ന്നു. ഓപ്പണര്‍ ഡാനിയേല വയാറ്റ്(27 പന്തില്‍ 35), സോഫിയ ഡങ്കലി(10 പന്തില്‍19), അലീസ് കാപ്‌സെ(8 പന്തില്‍ 13)എന്നിവരും ഇംഗ്ലണ്ടിനായി തിളങ്ങി.ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായിട്ടാണ് ഇന്ത്യ സെമിയിലെത്തിയത്. പാകിസ്ഥാന്‍, ബാര്‍ബഡോസ് എന്നിവരെയാണ് ടീം തോല്‍പ്പിച്ചത്. എന്നാല്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ടു. ഗ്രൂപ്പ് ബിയില്‍ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഇംഗ്ലണ്ട് സെമിയിലെത്തുന്നത്.