ഓണ്‍ലൈന്‍ റമ്മി കളിച്ച് കടം കയറി ; കടം വീട്ടാന്‍ മുന്‍ മുതലാളിയുടെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ ഡ്രൈവര്‍ അറസ്റ്റില്‍

ഓണ്‍ലൈന്‍ റമ്മി ഗെയിമുകള്‍ കളിച്ച് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെുകയും, നിരവധി കുടുംബങ്ങള്‍ തകരുകയും ചെയ്യുന്ന അവസ്ഥയാണ് ഇപ്പോള്‍. പണം ഉണ്ടാക്കുവാന്‍ വേണ്ടി ധാരാളം പേര് ഇപ്പോള്‍ ഈ ഗെയിമുകള്‍ നിരന്തരം കളിച്ചു ജീവിതം തന്നെ അവസാനിപ്പിച്ച അവസ്ഥയാണ്. കേരളത്തില്‍ അടുത്തിടെ അരങ്ങേറിയ പല ആത്മഹത്യക്കും പിന്നില്‍ വില്ലന്‍ ഓണ്‍ലൈന്‍ റമ്മി ആയിരുന്നു. വ്യാപകമായ എതിര്‍പ്പ് ഉയരുന്ന സമയത്തും ഈ ഗെയിമുകള്‍ക്ക് വന്‍ ജനപ്രീതിയാണ് ഉള്ളത്.

അത്തരത്തില്‍ ഓണ്‍ലൈന്‍ റമ്മി കളിച്ചുണ്ടാക്കിയ കടം തീര്‍ക്കാന്‍ മുന്‍ തൊഴിലുടമയുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയയാള്‍ അറസ്റ്റില്‍. ചെന്നൈ വേളാച്ചേരിയിലാണ് സംഭവം. ശേഷാദ്രിപുരം സ്ട്രീറ്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന 68കാരിയായ ഇന്ദുമതിയുടെ വീട്ടിലാണ് മുന്‍ ഡ്രൈവര്‍ ഇസ്മായില്‍ (36) മോഷ്ടിക്കാന്‍ കയറിയത്. ഇന്ദുമതിയെ കത്തിമുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തി ഇസ്മായിലും സുഹൃത്തും ചേര്‍ന്ന് ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുവകകളും മോഷണം നടത്തുകയായിരുന്നു.

ജൂലൈ 30നാണ് മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേര്‍ വീട്ടില്‍ കവര്‍ച്ച നടത്തിയെന്ന പരാതിയുമായി ഇന്ദുമതി വേളാച്ചേരി പൊലീസ് സ്റ്റേഷനിലെത്തിയത്. മോഷ്ടാക്കള്‍ മുഖംമൂടി ധരിച്ചിരുന്നതിനാല്‍ വീട്ടില്‍ കയറിയതാരാണെന്ന് പൊലീസിന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, വിശദമായ അന്വേഷണത്തില്‍ വയോധികയുടെ വീടിന്റെ സമീപ പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. മോഷണത്തിനു ശേഷം ഇവര്‍ മുഖംമൂടി ധരിച്ചിരുന്നില്ല എന്ന വിവരം പോലീസിന് ലഭിച്ചു. ഇത് കേസില്‍ വഴിതിരിവാകുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ ഇന്ദുമതിയെ കാണിച്ചതിലൂടെയാണ് മോഷണം നടത്തിയത് അവരുടെ മുന്‍ കാര്‍ ഡ്രൈവറാണെന്ന് തിരിച്ചറിഞ്ഞത്.

പൊലീസ് സംഘം ഇസ്മായിലിന്റെ വീട്ടില്‍ അന്വേഷണം നടത്തിയെങ്കിലും ഇയാള്‍ ഒളിവില്‍ പോയിരുന്നു. പൊലീസ് വെള്ളിയാഴ്ചയാണ് ഇയാളെ ചെന്നൈയില്‍ നിന്നും പിടികൂടിയത്. ഇസ്മായില്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മോഷണത്തിന് സഹായിച്ച അബ്ദുള്‍ സലാമിനേയും പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ‘ ഓണ്‍ലൈന്‍ റമ്മി ഗെയിമുകള്‍ക്ക് അടിമയാണ് താനെന്നും, ഗെയിമുകള്‍ക്ക് പണം കണ്ടെത്താനും, ഗെയിം കളിക്കുന്നതിനിടയില്‍ ഉണ്ടായ കടങ്ങള്‍ വീട്ടാനും വേണ്ടിയാണ് താന്‍ മോഷണം നടത്തിയതെന്നും’ ഇസ്മായില്‍ പൊലീസിനോട് പറഞ്ഞു.