കോമണ്‍ വെല്‍ത്ത് ഗെയിംസ് ; ബെര്‍മിങ്ഹാമില്‍ ചരിത്രം കുറിച്ച് മലയാളികള്‍

കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ മലയാളി തേരോട്ടം. ഗെയിംസില്‍ ട്രിപ്പിള്‍ ജംപില്‍ എല്‍ദോസ് പോളിന് സ്വര്‍ണ്ണം(17.03) തൊട്ടുപിന്നാലെ അബ്ദുല്ല അബൂബക്കര്‍ വെള്ളിയും(17.02) നേടി. എറണാകുളം കോലഞ്ചേരി സ്വദേശിയാണ് എല്‍ദോസ്. ഇത് കേരളത്തിന്റെ കായിക ചരിത്രത്തിലെ അവിസ്മരണീയമായ ദിനം. ബെര്‍മിങ്ഹാമില്‍ ഈ ഇന്ത്യന്‍ താരങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ചരിത്രം കുറിയ്ക്കുകയായിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഒരു മലയാളി താരം ആദ്യമായാണ് വ്യക്തിഗത ഇനത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടുന്നത്. ഇന്ത്യയുടെ തന്നെ പ്രവീണ്‍ ചിത്രവേല്‍ നാലാം സ്ഥാനത്തെത്തി. ഗെയിംസിലെ ഇന്ത്യയുടെ പതിനാറാമത്തെ സ്വര്‍ണ്ണമാണിത്.

പുരുഷന്മാരുടെ ബോക്‌സിങില്‍ അമിത് പങ്കല്‍ സ്വര്‍ണ്ണം നേടി. ബോക്‌സിങിലെ ഇന്ത്യയുടെ രണ്ടാമത്തെ സ്വര്‍ണ്ണമാണിത്. വനിതാ ബോക്‌സിങ്ങിലും ഇന്ത്യ സ്വര്‍ണ്ണം പൊരുതി നേടി. ഇംഗ്ലണ്ടിന്റെ ഡെമി ജേഡിനെനെ 5-0 നാണ് നീതു പരാജയപ്പെടുത്തിയത്. പുരുഷന്മാരുടെ ബോക്‌സിങില്‍ രോഹിത് തോകാസ് വെങ്കലം സ്വന്തമാക്കി. വനിത ഹോക്കിയില്‍ ഇന്ത്യ വെങ്കലം കരസ്ഥമാക്കി. ന്യൂസിലാന്റിനെ വെങ്കലത്തിനായുള്ള പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂടൗട്ടിലൂടെയാണ് ഇന്ത്യ മറികടന്നത്. വനിത സിംഗിള്‍സ് ബാഡ്മിന്റനില്‍ പിവി സിന്ധു ഫൈനലിലെത്തി. സെമിയില്‍ സിംഗപ്പൂരിന്റെ ലോക 18-ാം നമ്പര്‍ താരം യോ ജിയ മിന്നിനെയാണ് സിന്ധു തോല്പിച്ചത്.