എസ്എസ്എല്‍വിയുടെ ആദ്യ ദൗത്യം പാളി

ഇന്ത്യയുടെ പുതിയ ഹ്രസ്വദൂര ബഹിരാകാശ പര്യവേഷണ വാഹനമായ സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ വിക്ഷേപണം പാളി. വിക്ഷേപിച്ച ഉപഗ്രഹങ്ങള്‍ ഉപയോഗ ശൂന്യമായി. സെന്‍സര്‍ തകരാറിലായത് തിരിച്ചറിയാതെ പോയെന്ന് ഐഎസ്ആര്‍ഒ. വിക്ഷേപണത്തിന്റെ ആദ്യ മൂന്ന് ഘട്ടങ്ങളും വിജയകരമായി നടന്നിരുന്നു. നാലാം ഘട്ടത്തില്‍ പ്രവര്‍ത്തിക്കേണ്ട ലിക്വിഡ് പ്രോപല്‍ഷന്‍ ബേസ്ഡ് വെലോസിറ്റി ട്രിമ്മിങ് മൊഡ്യൂളില്‍ (വിടിഎം) എന്തോ സാങ്കേതിക പ്രശ്‌നം സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍ നിന്നാണ് SSLV- D1 കുതിച്ചുയര്‍ന്നത്. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് രണ്ടും (EOS- 2) രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥിനികള്‍ നിര്‍മിച്ച ആസാദി സാറ്റുമാണ് (AzaadiSAT) SSLV- D1ന്റെ ആദ്യ വിക്ഷേപണത്തിലൂടെ ഭ്രമണപഥത്തിലേക്ക് എത്തിക്കാന്‍ ശ്രമിച്ചത്.

ഭൂമധ്യരേഖയില്‍ നിന്നും 350 കിലോമീറ്റര്‍ അകലെയുള്ള, ലോവര്‍ എര്‍ത്ത് ഓര്‍ബിറ്റിലും സണ്‍സിംക്രനൈസ് ഓര്‍ബിറ്റിലേയ്ക്കുമുള്ള വിക്ഷേപണം ലക്ഷ്യമിട്ടാണ് SSLV-D1 പ്രഥമ ദൗത്യത്തിലേയ്ക്ക് കടക്കുന്നത്. 500 കിലോമീറ്റര്‍ ദൂരപരിധിയില്‍ 500 കിലോഗ്രാമില്‍ താഴെയുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിയ്ക്കാന്‍ എസ്എസ്എല്‍വിയ്ക്ക് സാധിക്കും. വാണിജ്യ വിക്ഷേപണ രംഗത്ത് ഏറെ ഉപകാരപ്രദമാകുന്നതാണ് ഈ പുതിയ വാഹനം.ഒരാഴ്ച കൊണ്ട് എസ്എസ്എല്‍വി വിക്ഷേപണത്തിന് തയ്യാറാക്കാന്‍ സാധിക്കും. പിഎസ്എല്‍വിയ്ക്ക് ഇത്, 40 ദിവസം വരെയാണ്. ഇതുതന്നെയാണ് എസ്എസ്എല്‍വിയുടെ പ്രധാന പ്രത്യേകതയും.

‘സ്‌പേസ് കിഡ്’ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 750 പെണ്‍കുട്ടികള്‍ ചേര്‍ന്ന് വികസിപ്പിച്ച ആസാദി സാറ്റാണ് വിക്ഷേപണത്തിലെ പ്രധാന പെലോഡുകളില്‍ ഒന്ന്. എട്ട് കിലോ തൂക്കമുള്ള ആസാദി സാറ്റിന് ആറുമാസത്തെ കാലാവധിയുണ്ട്. ഹാം റേഡിയോ പ്രക്ഷേപണത്തിനുള്ള ട്രാന്‍സ്പോണ്ടറുകളും ബഹിരാകാശ ഗവേഷണത്തിനുള്ള സംവിധാനവുമാണ് ഈ നാനോ ഉപഗ്രഹത്തിലുള്ളത്. സെല്‍ഫി കാമറയും സജ്ജീകരിച്ചിട്ടുണ്ട്. ഇതില്‍ കേരളത്തില്‍ നിന്നുള്ള കുട്ടികളും ഉണ്ടായിരുന്നു.