കടം വീട്ടാന്‍ ; ഭാര്യയുടെ പേരില്‍ ഇന്‍ഷുറന്‍സ് എടുത്തു ; പിന്നീട് ഭാര്യയെ വെടിവെച്ച് കൊന്നു, ഭര്‍ത്താവ് അറസ്റ്റില്‍
കടം തീര്‍ക്കാന്‍ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെ ഭാര്യയെ വെടിവെച്ച് കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍. മധ്യപ്രദേശിലെ രാജ്ഗര്‍ഹ് ജില്ലയിലാണ് സംഭവം. കൊലപാതകം നടത്തിയ ഭര്‍ത്താവായ ഭദ്രിപ്രസാദ് മീണയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റകൃത്യം ചെയ്യുന്നതിനായി പ്രതി ഇന്റര്‍നെറ്റിന്റെ സഹായമാണ് തേടിയത്. ഇത്തരത്തിലുള്ള ചില വീഡിയോകള്‍ കണ്ടപ്പോഴാണ് ഭാര്യയുടെ പേരില്‍ ഇന്‍ഷുറന്‍സ് എടുക്കാനുള്ള തീരുമാനമെടുത്തത്. ഇന്‍ഷുറന്‍സ് എടുത്ത കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. ജൂലൈ 26നായിരുന്നു കൊലപാതകം.
ഭോപ്പാല്‍ റോഡില്‍ മനാ ജോദിന് സമീപം വച്ച് രാത്രി ഒമ്പത് മണിയോടെ ഭാര്യയായ പൂജയെ ഭദ്രിപ്രസാദ് വെടിവെച്ച് കൊല്ലുകയായിരുന്നു. പൊലീസ് അന്വേഷണം തുടങ്ങിയതോടെ കേസ് വഴിതിരിച്ചു വിടാന്‍ ഭദ്രിപ്രസാദ് ശ്രമങ്ങളും നടത്തി. ഭാര്യയെ കൊന്നത് നാല് പേരാണെന്ന് കാണിച്ച് ഇയാള്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍, വിശദമായ അന്വേഷണം നടത്തിയ പൊലീസ് സംഘം, കുറ്റകൃത്യം നടക്കുന്ന സമയത്ത് പരാതിയില്‍ പറഞ്ഞിട്ടുള്ള നാല് പേരും സ്ഥലത്തില്ലെന്ന് കണ്ടെത്തി. ഇതോടെ ഭദ്രിപ്രസാദിന്റെ നീക്കങ്ങളില്‍ സംശയം തോന്നിയ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാളുടെ കൂട്ടാളിയും അറസ്റ്റിലായിട്ടുണ്ട്. അതേസമയം തനിച്ചല്ല ഇയാള്‍ കൊലപാതകം നടത്തിയത് എന്നും പോലീസ് കണ്ടെത്തി. കുറ്റകൃത്യത്തില്‍ പങ്കുള്ള മറ്റ് രണ്ട് പേര്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.