തിരുവനന്തപുരത്ത് വയോധികയെ കൊന്ന് കിണറ്റിലിട്ട ബംഗാള്‍ സ്വദേശി പിടിയില്‍
തിരുവനന്തപുരത്ത് വയോധികയെ കൊലപ്പെടുത്തി കിണറ്റിലിട്ട അതിഥിത്തൊഴിലാളി പിടിയില്‍. ചെന്നൈയില്‍ നിന്നും ആര്‍പിഎഫ് ആണ് ബംഗാള്‍ സ്വദേശിയായ ആദം അലി (21)യെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കേശവദാസപുരത്ത് രക്ഷാപുരി മീനംകുന്നില്‍ വീട്ടില്‍ ദിനരാജിന്റെ ഭാര്യ മനോരമ(68)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ വീടിന് സമീപത്ത് താമസിച്ചിരുന്നയാളാണ് ആദം അലി. വീട്ടില്‍ കയറി വയോധികയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം തൊട്ടടുത്ത ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ തള്ളിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കാലുകളില്‍ കല്ലുകെട്ടിയനിലയിലാണ് മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. അതിഥിത്തൊഴിലാളികള്‍ സ്ഥിരമായി വെള്ളമെടുക്കാന്‍ പോകുന്ന വീടാണ് മനോരമയുടേത്. ആദംഅലി ഇന്നലെ ഉച്ചയോടെ മനോരമയുടെ വീട്ടിലെത്തിയിരുന്നതായി സ്ഥിരീകരിച്ചു.
ആദം അലിയ്ക്ക് ഒപ്പം താമസിച്ചിരുന്ന നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദിനരാജും ഭാര്യ മനോരമയും കോളജ് ഓഫ് എജ്യുക്കേഷനില്‍ നിന്നു വിരമിച്ച ഉദ്യോഗസ്ഥരാണ്. മനോരമയും ഭര്‍ത്താവുമാണ് ഈ വീട്ടില്‍ കഴിഞ്ഞിരുന്നത്. ഭര്‍ത്താവ് വര്‍ക്കലയിലെ മകളെ കാണാന്‍ പോയിരുന്നു. തിരിച്ചെത്തിയപ്പോള്‍ മനോരമയെ കാണാതിരുന്നതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മനോരമയെ കാണാനില്ലെന്ന പരാതിയില്‍ ഇന്നലെ വൈകിട്ട് 3നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. പൊലീസ് നായ മണം പിടിച്ച് അയല്‍പക്കത്തെ വീട്ടിലെ കിണറിനു സമീപം വന്നു നിന്നു. തുടര്‍ന്നു ഫയര്‍ഫോഴ്സിനെ എത്തിച്ച് നടത്തിയ തിരച്ചലിലാണ് മൃതദേഹം കിട്ടിയത്. അതേസമയം എന്താണ് കൊലപാതകത്തിന് കാരണമായത് എന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. കൊലപാതകത്തിന് പിന്നാലെ ആദം ഒളിവില്‍ പോയതാണ് പ്രതി ആരാണ് എന്ന് ഉറപ്പിക്കാന്‍ പോലീസിനെ സഹായിച്ചത്.