പാമ്പിന്റെ വിഷം കയറ്റുമതി ; കഞ്ചാവ് കൃഷി ; കെനിയയെ രക്ഷിക്കാന്‍ ഫ്രീക്കന്‍ ഐഡിയകളുമായി ഒരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥി

രാജ്യത്തെ കടക്കെണിയില്‍ നിന്നും രക്ഷിക്കാന്‍ പുത്തന്‍ ആശയങ്ങളുമായി ഒരു സ്ഥാനാര്‍ഥി. കെനിയയിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളില്‍ ഒരാളെ ജോര്‍ജ് വജാക്കോയ ആണ് കഞ്ചാവ് കൃഷി നിയമവിധേയമാക്കിയും ഹൈന വൃഷണങ്ങള്‍ കയറ്റുമതി ചെയ്തും രാജ്യത്തെ കടക്കെണിയില്‍ നിന്നും രക്ഷിക്കാന്‍ രംഗത്ത് വന്നിരിക്കുന്നത്. മറ്റു സ്ഥാനാര്‍ത്ഥികളെ പോലെ വലിയ പിന്തുണ ഇല്ല എങ്കിലും നിയമ അധ്യാപകനും പൊലീസ് ഉദ്യോഗസ്ഥനുമൊക്കെയായിരുന്നു 62 കാരനായ വജാക്കോയ കെനിയയുടെ രാഷ്ട്രീയ പ്രചാരണങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നത് വ്യത്യസ്തകള്‍ കൊണ്ടാണ്. എതിര്‍ സ്ഥാനാര്‍ത്ഥികളെ അപമാനിക്കുന്ന തരത്തിലുള്ള ക്യാമ്പയിനുകള്‍ക്ക് പകരം തന്റേതായ വ്യത്യസ്ത പ്രചാരണ രീതികള്‍ കൊണ്ട് എല്ലാവരേയും അമ്പരിപ്പിക്കുകയാണ് അദ്ദേഹം.

കെനിയയുടെ പാരമ്പര്യേതര പ്രചാരണമാര്‍ഗങ്ങളിലൂന്നിയുള്ള രാഷ്ട്രീയ നീക്കമാണ് അദ്ദേഹം നടത്തുന്നത്. പത്ത് വര്‍ഷത്തിനുള്ളിലെ കെനിയയുടെ കടം 16.8 ബില്യണ്‍ ഡോളര്‍ വരും. അതുകൊണ്ട് തന്നെ കെനിയയെ കടക്കെണിയില്‍ നിന്ന് മോചിക്കാന്‍ പുതിയ പ്രസിഡന്റ് ഏറെ പ്രയാസപ്പെടേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ തന്നെ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് കടക്കെണി മറികടക്കാന്‍ പുത്തന്‍ ആശയങ്ങളുമായി വജാക്കോയ രംഗത്തെത്തിയിരിക്കുന്നത്. കഞ്ചാവ് കൃഷി ചെയ്താല്‍ രാജ്യത്തിന്റെ സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനും കെനിയന്‍ ജനത എവിടെയായിരുന്നാലും അവര്‍ക്ക് ആവശ്യത്തിന് പണം ലഭ്യമാകുന്ന സ്ഥിതിയുമുണ്ടാകും. കൂടാതെ രാജ്യത്തിന് സുസ്ഥിരമായ സാമ്പത്തിക സ്ഥിതി കൈവരിക്കുന്നതിന് കഴിയുമെന്നും വജാക്കോയ പറയുന്നു.

അതിനായി അദ്ദേഹം മുന്നോട്ടു വെക്കുന്ന ഉദാഹരണങ്ങള്‍ ഏവരെയും ചിന്തിപ്പിക്കുന്ന ഒന്നാണ്. 2021 ല്‍ ചൈന 169,000 ഏക്കര്‍ കഞ്ചാവ് നട്ടുപിടിപ്പിക്കുകയും 1.2 ബില്യണ്‍ ഡോളര്‍ വരുമാനം നേടുകയും ചെയ്തു. കെനിയ ചൈനയുടെ വലിയ കടക്കാരനാണ്. 9 ട്രില്യണ്‍ ഷില്ലിംഗ് കടമാണ് ചൈനക്ക് നല്‍കാനുള്ളത്. അവര്‍ കഞ്ചാവിലൂടെ ലഭിക്കുന്ന ഈ തുക കെനിയക്ക് തരുന്നു. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് കഞ്ചാവ് കൃഷി കെനിയക്ക് തുടങ്ങി കൂടായെന്നും അദ്ദേഹം ചോദിക്കുന്നു. ഔഷധ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് കൃഷി നിയമവിധേയമാക്കുന്നതോടൊപ്പം ഹൈന വൃഷണങ്ങളുടെയും പാമ്പ് വിഷത്തിന്റെയും വലിയ തോതിലുള്ള കയറ്റുമതിയും അദ്ദേഹം ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിലൂടെ കെനിയയ്ക്ക് പ്രതിവര്‍ഷം 9.2 ട്രില്യണ്‍ ഷില്ലിംഗ് (77.2 ബില്യണ്‍) ലഭിക്കും.

വരുമാനം കെനിയയുടെ കടം തീര്‍ക്കാനും ഓരോ പൗരനും 200,000 ഷില്ലിംഗ് വാര്‍ഷിക ലാഭവിഹിതമായി നല്‍കാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിശകരമായ മറ്റൊരുകാര്യം ജോര്‍ജ് വജാക്കോയ ആശയം രാജ്യത്താകമാനം ചര്‍ച്ച ചെയ്യപ്പെടുന്നുവെന്നുള്ളതാണ്. ഇതുമൂലം അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം തന്നെ ശ്രദ്ധിക്കപ്പെടാന്‍ ഫ്രീക്കന്‍ ഐഡിയകള്‍ കാരണമായിരിക്കുകയാണ്.