തട്ടിക്കൂട്ട് കുഴിയടയ്ക്കല്‍ ; പ്രഹസനമായി തൃശൂര്‍ – എറണാകുളം ദേശീയ പാതയില്‍ കുഴിയടയ്ക്കല്‍

ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയതിനു പിന്നാലെ ദേശീയ പാതയില്‍ നടക്കുന്നത് കുഴിയടയ്ക്കല്‍ എന്ന പേരിലുള്ള പ്രഹസനം. റോഡ് റോളര്‍ ഉപയോഗിക്കാതെയാണ് കിലോമീറ്ററുകളോളം കുഴിയടയ്ക്കല്‍ അരങ്ങേറുന്നത്. ടാറും മെറ്റലും കുഴിയില്‍ നിറയ്ക്കാന്‍ ഇരുമ്പ് ദണ്ഡ് മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അങ്കമാലി-മണ്ണൂത്തി ദേശീയപാതയിലാണ് കുഴിയടയ്ക്കല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. പായ്ക്കറ്റിലാക്കിയ ടാര്‍ മിശ്രിതം കുഴികളില്‍ നിറച്ച് കൈക്കോട്ടും ഇരുമ്പ് ദണ്ഡും മാത്രമുപയോഗിച്ച് നിരത്തുക മാത്രമാണ് ചെയ്യുന്നത്. തൊഴിലാളികളാണ് ജോലിക്കായി എത്തിയിരിക്കുന്നത്. കരാര്‍ കമ്പനി ഉദ്യോഗസ്ഥരോ ജീവനക്കാരോ ഇവര്‍ക്കൊപ്പമില്ല.

അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ ദേശിയ പാതയുള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ റോഡുകളുടെയും അറ്റക്കുറ്റപ്പണി ഒരാഴ്ചക്കുളളില്‍ പൂര്‍ത്തീകരിക്കണമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജില്ലാ കലക്ടര്‍മാര്‍ വെറും കാഴ്ചക്കാരായി മാറരുതെന്ന് നിര്‍ദേശിച്ച കോടതി മനുഷ്യ നിര്‍മിത ദുരന്തങ്ങളാണ് നമ്മുടെ റോഡുകളില്‍ നടക്കുന്നതെന്നും കുറ്റപ്പെടുത്തിയിരുന്നു. നെടുമ്പാശേരിയില്‍ ദേശീയ പാതയിലെ കുഴിയില്‍വീണ് ഹോട്ടല്‍ ജീവനക്കാരന് ദാരുണാന്ത്യം ഉണ്ടായ പശ്ചാത്തലത്തിലായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ കടുത്ത വിമര്‍ശനം. റോഡ് മോശമായതിനെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ജില്ലാ കലക്ടര്‍മാര്‍ എന്ത് നടപടിയെടുത്തു? ആളുകളെ ഇങ്ങനെ മരിക്കാന്‍ വിടാന്‍ കഴിയില്ല. മരിച്ചുകഴിഞ്ഞിട്ടാണോ ഇവര്‍ നടപടിയെടുക്കുന്നത്? മരിച്ചവരുടെ കുടുംബങ്ങളോട് ആര് സമാധാനം പറയും? സുപ്രധാന ചുമതല വഹിക്കുന്ന ഈ ഉദ്യോഗസ്ഥര്‍ വെറും കാഴ്ചക്കാരായി മാറരുത്. മനുഷ്യ നിര്‍മിത ദുരന്തങ്ങളാണ് പലപ്പോഴും നമ്മുടെ റോഡുകളില്‍ നടക്കുന്നത് എന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.