സൈനികര്‍ക്ക് നാണക്കേട് ; ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്ന് നിവേദനം
കേരളത്തില്‍ ഏറെ ആരാധകരുള്ള ആവശ്യക്കാരുള്ള മദ്യമാണ് ജവാന്‍. എന്നാല്‍ ‘ജവാന്‍’ റമ്മിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിരിക്കുകയാണ് ഒരാള്‍. സ്വകാര്യ വ്യക്തി നികുതി വകുപ്പിന് നല്‍കിയ നിവേദനം പതിവു നടപടിക്രമങ്ങള്‍ അനുസരിച്ച് എക്‌സൈസ് കമ്മീഷണര്‍ക്ക് കൈമാറി. ജവാനെന്ന പേര് മദ്യത്തിന് ഉപയോഗിക്കുന്നത് സൈനികര്‍ക്ക് നാണക്കേടാണെന്ന് നിവേദനത്തില്‍ പറയുന്നു. സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ പേര് മാറ്റാന്‍ നടപടിയുണ്ടാകണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഉല്‍പാദിപ്പിക്കുന്ന പ്രമുഖ മദ്യ ബ്രാന്‍ഡായതിനാല്‍ പരാതി തള്ളാനാണ് സാധ്യത.
സെക്രട്ടേറിയറ്റില്‍ ലഭിക്കുന്ന ഏതു തരത്തിലുള്ള പരാതിയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നടപടിയെടുക്കാനായി കൈമാറുന്നതാണ് നിലവിലെ രീതി. പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ തുടര്‍നടപടികളിലേക്കു സര്‍ക്കാര്‍ കടക്കും. ഇല്ലെങ്കില്‍ നടപടികള്‍ അവസാനിപ്പിക്കും. തിരുവല്ല വളഞ്ഞവട്ടത്താണ് ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ‘ജവാന്‍ റം’ ആവശ്യത്തിന് കിട്ടാനില്ലെന്ന പരാതി പരിഹരിക്കാന്‍ ഒരുകോടി രൂപ ചെലവിട്ട് പുതിയ ബോട്ടിലിംഗ് പ്ലാന്റ് നവംബറോടെ തുടങ്ങും. ഉത്പാദനം ഇരട്ടിയാക്കുകയാണ് ലക്ഷ്യം. മധ്യകേരളത്തിലെ ജില്ലകളിലാണ് ഇപ്പോള്‍ ജവാന്‍ റം അധികവും കിട്ടുന്നത്. ഉത്പാദനം കുറവായതിനാലും ട്രാന്‍സ്‌പോര്‍ട്ടിംഗ് ചെലവും കാരണമാണ് മറ്റു ജില്ലകളില്‍ കിട്ടാത്തത്. ഉത്പാദനം കൂടുമ്പോള്‍ ഇതിന് പരിഹാരമാവും.