സിഗരറ്റ് വലിക്കരുത് കഞ്ചാവ് ആണ് ബെസ്റ്റ് ; ഇന്‍സ്റ്റാ ലൈവില്‍ ചര്‍ച്ച നടത്തിയ വ്ളോഗര്‍ അറസ്റ്റില്‍
ഇന്‍സ്റ്റാഗ്രാം ലൈവില്‍ കഞ്ചാവിന്റെ മഹത്വത്തിനെ പറ്റി ക്ളാസ് എടുത്ത യൂട്യൂബ് വ്‌ളോഗര്‍ അറസ്റ്റില്‍. തന്റെ ലൈവില്‍ തൃശൂര്‍ സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് കഞ്ചാവ് വലിക്കുന്നതിനെ പറ്റി ചര്‍ച്ച ചെയ്ത മട്ടാഞ്ചേരി പുത്തന്‍പുരയ്ക്കല്‍ ഫ്രാന്‍സിസ് നെവിന്‍ അഗസ്റ്റിന്‍ ആണ് പിടിയിലായത്. അതേസമയം രണ്ടു ഗ്രാം കഞ്ചാവ് കൈവശം വച്ചതിനാണ് ഇയാളെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയോട് കഞ്ചാവ് വലിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്ത കാര്യം സംഭവത്തില്‍ പ്രത്യേകം അന്വേഷണം നടത്തുമെന്നും ഇക്കാര്യത്തില്‍ ഇയാളുടെ മൊഴിയെടുക്കുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഇയാളും പെണ്‍കുട്ടിയും തമ്മിലുള്ള ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ സംഭവത്തില്‍ കാട്ടൂര്‍ പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്‍സ്റ്റാഗ്രാം ലൈവില്‍ ഇയാള്‍ പെണ്‍കുട്ടിയെ കഞ്ചാവ് വലിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം പ്ലസ് ടൂ കഴിഞ്ഞു എന്നാണ് പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നത്. താന്‍ സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന ആളാണ് എന്നും തന്റെ വീട്ടില്‍ ഉള്ളവര്‍ക്ക് അത് അറിയാമെന്നും പെണ്‍കുട്ടി പറയുന്നുണ്ട്. വ്ളോഗര്‍ ആദ്യം ആണ്‍കുട്ടിയാണ് ലൈവില്‍ ഉള്ളത് എന്ന നിലയിലാണ് സംസാരിച്ചു തുടങ്ങുന്നത്.
പെണ്ണാണ് എന്ന് അറിയുമ്പോള്‍ ലഹരിയുടെ പിടിത്തത്തിലും ആള് അത്ഭുതപ്പെടുന്നുണ്ട്. തന്റെ നാട്ടില്‍ സാധനം കിട്ടാന്‍ ഇല്ല എന്ന് പരാതി പറയുന്ന പെണ്‍കുട്ടിയോട് കൊച്ചിയിലേയ്ക്ക് വരാന്‍ വ്‌ലോഗര്‍ പറയുന്നുണ്ട്. കൂടാതെ കഴിഞ്ഞ മൂന്നു ആഴ്ചയായി കൂട്ടുകാര്‍ക്ക് ഒപ്പം കണ്ണൂരില്‍ കറങ്ങാന്‍ പോയത് കാരണം വീട്ടില്‍ കയറ്റുന്നില്ല എന്നും കുട്ടി പറയുന്നുണ്ട്. അതേസമയം വീഡിയോ പ്രചരിപ്പിച്ചവര്‍ക്ക് എതിരെ കേസെടുക്കാന്‍ നടക്കുന്ന പോലീസ് ആ കുട്ടിയെ കണ്ടെത്തി വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തയ്യറാകാത്തതില്‍ സോഷ്യല്‍ മീഡിയയില്‍ പരക്കെ അമര്‍ഷം ഉണ്ട്. വ്ളോഗര്‍ തെറ്റുകാരനല്ല പെണ്‍കുട്ടിയാണ് അങ്ങോട്ട് ഓരോ കാര്യങ്ങള്‍ പറയുന്നത് എന്നും സോഷ്യല്‍ മീഡിയ പറയുന്നു. വ്‌ലോഗറിന്റെ കടുത്ത ആരാധികയാണ് താനെന്നും പെണ്‍കുട്ടി പറയുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കഞ്ചാവ് വലിക്കുന്നത് തെറ്റല്ല അവളുടെ വീഡിയോ ഷെയര്‍ ചെയ്യുന്നതാണോ കുറ്റം എന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
അതേസമയം വിഡിയോ ദൃശ്യങ്ങള്‍ ചോര്‍ന്നത് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് എന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ ഫോണ്‍ ട്രെയിന്‍ യാത്രക്കിടെ മോഷണം പോയെന്നാണ് അറിയുന്നത്. അതിന് ശേഷമാണ് ഈ ദൃശ്യങ്ങള്‍ പുറത്താവുന്നത്. ഇന്നലെ രാത്രി മുതലാണ് വ്‌ലോഗറും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും തമ്മിലുള്ള വിഡിയോ കോളിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയത്.വീഡിയോ എന്നാണ് എടുത്തത് എന്ന് വ്യക്തമായിട്ടില്ല.