സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുടെ കൊലപാതകം ; സ്വര്‍ണം കൊണ്ടുപോയത് കണ്ണൂരിലേക്ക്
കോഴിക്കോട് സ്വര്‍ണ്ണക്കടത്ത് സംഘം കൊലപ്പെടുത്തിയ ഇര്‍ഷാദ് കടത്തി കൊണ്ടുവന്ന സ്വര്‍ണ്ണം പോയത് കണ്ണൂരിലേക്ക് എന്ന് പോലീസ്. പാനൂരില്‍ സ്വര്‍ണ മഹല്‍ ജ്വല്ലറിയിലേക്കു കടത്തു സ്വര്‍ണ്ണം എത്തിയതായി പൊലീസ് കണ്ടെത്തി. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം ജ്വല്ലറിക്കു നോട്ടിസ് നല്‍കി. ശാസ്ത്രീയ തെളിവുകള്‍ പൊലീസ് കണ്ടെടുത്തതായാണ് വിവരം. ഇര്‍ഷാദ് കടത്തിയ സ്വര്‍ണ്ണം ഇടനിലക്കാരന്‍ ഷമീര്‍ മുഖേനയാണ് ജ്വല്ലറിയില്‍ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. സ്വര്‍ണ്ണക്കടത്തില്‍ ജ്വല്ലറിയിലെ ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്നു പൊലീസ് പരിശോധിക്കുകയാണ്. പാനൂരിലും കുത്തുപറമ്പിലും ശാഖകള്‍ ഉള്ള ജ്വല്ലറിക്കു ലീഗ് നേതാവുമായി ബന്ധമെന്ന് പൊലീസ് പറയുന്നു.
സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇര്‍ഷാദ് മരിച്ചെന്ന വിവരം കഴിഞ്ഞ ആഴ്ചയിലാണ് പുറത്ത് വരുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് കൊയിലാണ്ടി നിന്നും കണ്ടെടുത്ത മൃതദേഹം ഇന്‍ഷാദിന്റേതാണെന്ന് പൊലീസ് കണ്ടെത്തി. കോഴിക്കോട് പെരുവണ്ണാമുഴിയില്‍ നിന്ന് തട്ടിക്കൊണ്ടു പോയ ഇര്‍ഷാദിനെ വിട്ട് കിട്ടാന്‍ കുടുംബം സ്വര്‍ണക്കടത്ത് സംഘത്തിന് പണം നല്‍കിയിരുന്നു. ഇര്‍ഷാദ് മരിച്ച വിവരം മറച്ചു വച്ചാണ് സ്വര്‍ണക്കടത്ത് സംഘം പണം വാങ്ങിയത്. ആദ്യം അന്‍പതിനായിരം രൂപയും പിന്നീട് പത്ത് ലക്ഷം രൂപയും കുടുംബം നല്‍കി. പണം നല്‍കിയ ശേഷമാണ് ഇര്‍ഷാദ് മരിച്ചെന്ന വിവരം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതിനിടെ തടവില്‍ അല്ലെന്ന് സ്വര്‍ണക്കടത്ത് സംഘം ദുബായില്‍ തടവിലാക്കിയ ജസീല്‍ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ പുറത്ത് വന്ന ചിത്രങ്ങള്‍, തടവിലെന്നുകാണിച്ച് ഇര്‍ഷാദില്‍ നിന്നും നാസറിന്റെ സ്വര്‍ണം തിരികെ ലഭിക്കാന്‍ മനഃപൂര്‍വം ചിത്രീകരിച്ചതാണെന്നും ജസീല്‍ പറഞ്ഞു.
സ്വര്‍ണക്കടത്ത് സംഘം തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ ഇര്‍ഷാദിനെ മുഖ്യപ്രതി നാസറിന് പരിചയപെടുത്തിയത് ജസീല്‍ ആണ്. ജസീലിനെ സ്വര്‍ണക്കടത്ത് സംഘം ദുബായില്‍ തടവിലാക്കി എന്ന് കൂത്ത്പറമ്പ് പോലിസ് സ്റ്റേഷനില്‍ കുടുംബം പരാതി നല്‍കിയിരുന്നു. ഭാര്യ നിസയുടെ പരാതിയില്‍ പെരുവണ്ണാമുഴി പോലീസും കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. എന്നാല്‍ ഇതെല്ലം ഇപ്പോള്‍ വ്യാജമാണ് എന്ന് തെളിയുകയാണ്.