വാളയാര്‍ സഹോദരിമാരുടെ കൊലപാതകം ; സിബിഐ അന്വേഷണം തൃപ്തികരമല്ലെന്ന് കോടതി ; തുടരന്വേഷണത്തിന് ഉത്തരവ്
വിവാദമായ വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് പാലക്കാട് പോക്‌സോ കോടതി. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. കൊലപാതക സാധ്യത പരിശോധിക്കാതെയാണ് സിബിഐ സംഘം കുറ്റപത്രം സമര്‍പ്പിച്ചതെന്നും പ്രധാനകാര്യങ്ങള്‍ അന്വേഷിച്ചില്ലെന്നും ആരോപിച്ചാണ് പെണ്‍കുട്ടികളുടെ അമ്മ കോടതിയെ സമീപിച്ചത്. എന്നാല്‍ നിലവിലുള്ള അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി വേണം തുടരന്വേഷണം നടത്താനെന്ന് പെണ്‍കുട്ടികളുടെ അമ്മ ആവശ്യപെട്ടു.
കേസ് അന്വേഷണത്തില്‍ സിബിഐ സമര്‍പ്പിച്ച രേഖകളും തെളിവുകളും പൊരുത്തപ്പെടുന്നില്ലെന്നും കൊലപാതക സാധ്യത കൂടി അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു. സിബിഐ അന്വേഷണം തൃപ്തികരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നിരന്തരമായ ശാരീരിക പീഡനത്തെ തുടര്‍ന്ന് സഹോദരിമാര്‍ ആത്മഹത്യ ചെയ്തുവെന്നായിരുന്നു സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. നേരത്തേ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിന്ന് വ്യത്യസ്തമായി ഒന്നും കുറ്റപത്രത്തില്‍ ഉണ്ടായിരുന്നില്ല.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് 2020 ലാണ് സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത്. 2021 ഡിസംബറിലാണ് വാളയാര്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2017ലാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ ഡമ്മി പരീക്ഷണം ഉള്‍പ്പടെ നടത്തിയതിന് ശേഷമായിരുന്നു പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തില്‍ സിബിഐ എത്തിയത്. എന്നാല്‍ അന്വേഷണം പൂര്‍ണമല്ലെന്നും രണ്ടാമത്തെ പെണ്‍ക്കുട്ടിയുടെ മരണം കൊലപാതകമാണെന്ന പരാതി സിബിഐ പരിശോധിച്ചില്ലെന്നും പെണ്‍കുട്ടികളുടെ അമ്മ പറയുന്നു.
13 വയസുള്ള പെണ്‍കുട്ടിയെ 2017 ജനുവരി 13നും 9 വയസുള്ള സഹോദരിയെ 2017 മാര്‍ച്ച് നാലിനും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസില്‍ പ്രതികളെ വെറുതെവിട്ട സാഹചര്യത്തിലാണ് സിബിഐ അന്വേഷണം നടത്തിയത്. പീഡനത്തിന് ഇരയായതിന് ശേഷമുള്ള മരണമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായെങ്കിലും പോലീസ് തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്ച വരുത്തിയതോടെ പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.