ഉന്തും തള്ളും കോലാഹലവും ; കോഴിക്കോട് തല്ലുമാല പ്രമോഷന്‍ വേദിയില്‍ നിന്നും ഓടി രക്ഷപ്പെട്ടു ടോവിനോ

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വെച്ച് നടന്ന സിനിമാ പ്രമോഷന്‍ വേദിയില്‍ നിന്നും ഓടി രക്ഷപ്പെട്ടു നടന്‍ ടോവിനോ. ഇന്ന് വൈകുന്നേരമാണ് സംഭവം. തന്റെ പുതിയ ചിത്രമായ തല്ലുമാലയുടെ പ്രമോഷന്‍ പരിപാടികളുമായിട്ടാണ് ടോവിനോയും സംഘവും കോഴിക്കോട് ഹൈലൈറ്റ് മാളില്‍ എത്തിയത്. ഇഷ്ടതാരത്തിനെ കാണുവാന്‍ യുവാക്കള്‍ കൂട്ടത്തോടെ എത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. മാളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിന്റെ ഇരട്ടി ജനങ്ങളാണ് പരിപാടിക്ക് എത്തിയത്. ഇതോടെ ഉന്തും തള്ളും കോലാഹലവും ആയി.

വേദിയിലേയ്ക്കും ജനങ്ങള്‍ കയറാന്‍ തുടങ്ങിയതോടെ സംഘാടകര്‍ ഇടപെട്ടു താരത്തിനെ അവിടെ നിന്നും മാറ്റുകയായിരുന്നു. എന്നാല്‍ ‘ജീവനോടെ തിരിച്ച് എത്തുമോ എന്ന് ഒരു നിമിഷം ചിന്തിച്ചു പോയെന്നും, കോഴിക്കോടിന്റെ സ്‌നേഹത്തിന് നന്ദിയെന്നുമാണ്’ ടൊവിനോ ഇതിന് ശേഷം തന്റെ സോഷ്യല്‍ മീഡിയയില്‍ എത്തി ലൈവില്‍ പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് പ്രൊമോഷനുമായി ബന്ധപ്പെട്ട് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ പരിപാടിയുണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്.

അതേസമയം സംഘടന പിഴവാണ് പരിപാടി നടക്കാതെ പോകാന്‍ കാരണമെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇത്രയും ആളുകള്‍ എത്തുന്നത് മുന്‍കൂട്ടി കണ്ട് ക്രമീകരണങ്ങള്‍ നടത്തിയില്ലെന്നാണ് മാളില്‍ പരിപാടി കാണാന്‍ എത്തിയവര്‍ പറയുന്നത്. ഓഗസ്റ്റ് 12നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. വമ്പന്‍ പ്രൊമോഷനാണ് ചിത്രത്തിനായി അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. ദുബായിലുള്‍പ്പടെ നടന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് ചിത്രം നിര്‍മിക്കുന്നത്. മുഹ്‌സിന്‍ പരാരിയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.