ഷാര്‍ജയിലുമുണ്ടായ വെള്ളപ്പൊക്കത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് അപേക്ഷിക്കാം

വെള്ളപ്പൊക്കത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ക്ക് പകരം പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സൗകര്യമേര്‍പ്പെടുത്തി. ഞായറാഴ്ചകളില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ ക്യാമ്പുകളിലൂടെയാണ് സൗജന്യമായി പാസ്‌പോര്‍ട്ടിന്റെ അപേക്ഷ സ്വീകരിക്കുന്നത്. പാസ്‌പോര്‍ട്ടിനായി ആഗസ്റ്റ് 28വരെ അപേക്ഷിക്കാം. പ്രവാസിസംഘടനകളുടെ ആവശ്യം കണക്കിലെടുത്താണ് കോണ്‍സുലേറ്റ് ഇത്തരത്തിലൊരു ക്യാമ്പ് സംഘടിക്കുന്നത്.

ഫുജൈറയിലും ഷാര്‍ജയിലുമുണ്ടായ വെള്ളപ്പൊക്കത്തില്‍ ധാരാളം പേരുടെ പാസ്സ്പോര്‍ട്ട് പോലുള്ള രേഖകള്‍ നഷ്ടമായിരുന്നു. ഫുജൈറയിലും കല്‍ബയിലും സംഘടിച്ച ക്യാമ്പുകളിലൂടെ 80 പേര്‍ പാസ്‌പോര്‍ട്ടിനായി അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് പാസ്‌പോര്‍ട്ട്, അറ്റസ്റ്റേഷന്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ കോണ്‍സുല്‍ രാംകുമാര്‍ തങ്കരാജ് വ്യക്തമാക്കി. പൊലീസിന്റെ എഫ്.ഐ.ആറും (ഇംഗ്ലീഷ് ലീഗല്‍ ട്രാന്‍സ്ലേഷന്‍) ഫോട്ടോയും പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും ഉള്‍പ്പടെയാണ് സമര്‍പ്പിക്കേണ്ടത്.