ഡല്‍ഹിയില്‍ വിതരണം ചെയ്യാന്‍ എത്തിച്ച രണ്ടായിരത്തിലധികം വെടിയുണ്ടകള്‍ പിടിച്ചെടുത്തു

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാജ്യതലസ്ഥാനത്ത് ശക്തമായ പരിശോധനകള്‍ നടത്തിവരുന്നതിനു ഇടയില്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ രണ്ടായിരത്തിലധികം വെടിയുണ്ടകളുമായി ആറുപേര്‍ പിടിയില്‍. ഡല്‍ഹി ആനന്ദ് വിഹാര്‍ മേഖലയില്‍ നിന്നാണ് 2251 വെടിയുണ്ടകള്‍ പോലീസ് കണ്ടെത്തിയത്. പിടിച്ചെടുത്ത വെടിയുണ്ടകള്‍ ലഖ്നൗവിലേക്ക് കടത്താനായിരുന്നു പ്രതികള്‍ പദ്ധതിയിട്ടിരുന്നതെന്ന് അസി. കമ്മീഷണര്‍ വിക്രംജിത് സിങ് മാധ്യമങ്ങളോട് പറഞ്ഞു. ക്രിമിനല്‍ സംഘങ്ങളുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്നാണ് കരുതുന്നതെന്നും തീവ്രവാദ ബന്ധങ്ങളൊന്നും പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ലെന്നും പോലീസ് അറിയിച്ചു.

അറസ്റ്റിലായവരില്‍ 2 പേരെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. റാഷിദ്, അജ്മല്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. നഗരത്തിലെ ഒരു ഓട്ടോ ഡ്രൈവറാണ് ഇവരെ കുറിച്ചുള്ള വിവരം പോലീസിനെ അറിയിച്ചതെന്ന് അസി. കമ്മീഷണര്‍ പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ദിവസങ്ങള്‍ക്ക് മുന്‍പെ ഡല്‍ഹിയില്‍ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. പോലീസ് പട്രോളിങ്ങും വാഹനപരിശോധനയും ശക്തമാക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ വിവിധ മെട്രോ സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലും ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ഹോട്ടലുകളിലെ പാര്‍ക്കിങ് ഏരിയകളടക്കം പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇവിടെ എത്തുന്ന വാഹനങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. തലസ്ഥാനനഗരിയില്‍ വാടകയ്ക്ക് താമസിക്കുന്നവരുടെയും വീട്ടുജോലിക്കാരുടെയും വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.