മലയാളികള്‍ ഇപ്പോഴും ഉപയോഗിക്കുന്ന ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍ അമേരിക്കയില്‍ നിര്‍ത്തലാക്കിയിട്ട് രണ്ടു കൊല്ലം
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പണ്ട് മുതല്‍ക്കേ ഏവരും കേട്ടിട്ടുള്ള ഒരു ആഗോള ബ്രാന്‍ഡ് ആണ്. കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍ സോപ്പ് എന്നിവ ധാരാളമായി വാങ്ങി ഉപയോഗിക്കുന്ന ഒരു കൂട്ടരാണ് നമ്മള്‍ മലയാളികള്‍. എന്നാല്‍ ഇതേ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി പൗഡര്‍ അവരുടെ ജന്മനാട്ടില്‍ തന്നെ വില്പന നിര്‍ത്തിയിട്ട് രണ്ടു കൊല്ലം ആയി എന്ന് പറഞ്ഞാല്‍ പലര്‍ക്കും വിശ്വസിക്കാന്‍ പ്രയാസമാണ്. ഇപ്പോഴിതാ 2023ഓടെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ടാല്‍കം അടങ്ങിയ ബേബി പൗഡറിന്റെ വില്‍പ്പന ആഗോളതലത്തില്‍ അവസാനിപ്പിക്കുമെന്ന് അറിയിച്ചു. യുഎസില്‍ രണ്ട് വര്‍ഷത്തിലേറെയായി പൗഡറിന്റെ വില്‍പ്പന അവസാനിപ്പിച്ചിരിക്കുകയായിരുന്നു.
കമ്പനിയുടെ ബേബി പൗഡറും സ്ത്രീകള്‍ക്കായുള്ള ഉല്‍പ്പന്നങ്ങളും നിരവധി പതിറ്റാണ്ടുകളായി ഉപയോഗിച്ചിരുന്ന ഒരു സ്ത്രീക്ക് അണ്ഡാശയ അര്‍ബുദം ബാധിച്ചിരുന്നു. 2016ല്‍ അവരുടെ കുടുംബത്തിന് 72 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സനോട് കോടതി ഉത്തരവിട്ടിരുന്നു. ഒരു വര്‍ഷത്തിനു ശേഷം, കമ്പനിയുടെ ടാല്‍കം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് അണ്ഡാശയ ക്യാന്‍സര്‍ ബാധിച്ചതായി അവകാശപ്പെട്ട മറ്റൊരു സ്ത്രീക്ക് 417 മില്യണ്‍ ഡോളര്‍ നല്‍കാനും കോടതി കമ്പനിയോട് ഉത്തരവിട്ടിരുന്നു.1894 മുതലാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍ വില്‍പ്പന ആരംഭിച്ചത്.
അതേസമയം, കോണ്‍സ്റ്റാര്‍ച്ച് അടിസ്ഥാനമാക്കിയുള്ള ബേബി പൗഡര്‍ നിര്‍മ്മാണത്തിലേയ്ക്ക് തിരിയുകയാണെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. കോണ്‍സ്റ്റാര്‍ച്ച് അടങ്ങിയ ബേബി പൗഡര്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ ഇതിനകം വിറ്റഴിക്കപ്പെടുന്നുണ്ടെന്നും കമ്പനി പറഞ്ഞു. 2020 ലാണ് യുഎസിലും കാനഡയിലും കമ്പനി തങ്ങളുടെ ടാല്‍കം ബേബി പൗഡര്‍ വില്‍പ്പന അവസാനിപ്പിച്ചത്. കമ്പനിയുടെ ടാല്‍കം പൗഡറുകള്‍ കാന്‍സറിന് (cancer) കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി നിരവധി ആളുകള്‍ കോടതിയെ സമീപിച്ചിരുന്നു. ഇതോടെ ഉല്‍പ്പന്നത്തിന്റെ ഡിമാന്‍ഡ് കുറഞ്ഞിരുന്നു.
കാന്‍സറിന് കാരണമാകുന്ന ആസ്ബറ്റോസിന്റെ സാന്നിധ്യം പൗഡറില്‍ കണ്ടെത്തിയതോടെ 38000 ത്തോളം ആളുകളാണ് കമ്പനിക്കെതിരെ കോടതികളെ സമീപിച്ചത്. എന്നാല്‍, ആഗോളതലത്തില്‍ ഉല്‍പ്പന്നത്തിന്റെ വില്‍പ്പന അവസാനിപ്പിക്കുന്നതായുള്ള പ്രസ്താവനയിലും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചു. ”പതിറ്റാണ്ടുകളായി നടത്തിയ ശാസ്ത്രീയ പരിശോധനകളില്‍ ടാല്‍ക്ക് സുരക്ഷിതവും അതില്‍ ആസ്ബറ്റോസിന്റെ സാന്നിധ്യം ഇല്ലെന്നും തെളിയിച്ചിട്ടുണ്ടെന്നും” പ്രസ്താവനയില്‍ പറഞ്ഞു. ഒക്ടോബറില്‍ കമ്പനി എല്‍ടിഎല്‍ മാനേജ്മെന്റിനെ പിരിച്ചുവിടുകയും പാപ്പരത്തം പ്രഖ്യാപിക്കുകയും തീര്‍പ്പാക്കാത്ത കേസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു. പാപ്പരത്തം ഫയല്‍ ചെയ്യുന്നതിന് മുമ്പ്, കമ്പനിക്ക് 3.5 ബില്യണ്‍ ഡോളര്‍ കോടതി വിധികള്‍ക്കായും സെറ്റില്‍മെന്റുകള്‍ക്കായും ചെലവ് വന്നിരുന്നു. രേഖകള്‍ പ്രകാരം 22 സ്ത്രീകള്‍ക്ക് 2 ബില്യണ്‍ ഡോളറിലധികം തുക നല്‍കാന്‍ കോടതി വിധിച്ചിരുന്നു.
ഏപ്രിലില്‍ ടാല്‍കം ബേബി പൗഡറിന്റെ ആഗോള വില്‍പ്പന അവസാനിപ്പിക്കണമെന്ന് കമ്പനിയിലെ ഒരു ഓഹരി ഉടമയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ നിര്‍ദേശം കമ്പനി കണക്കിലെടുത്തിരുന്നില്ല. 2018-ലെ റോയിട്ടേഴ്‌സ് അന്വേഷണത്തില്‍, ടാല്‍കം ഉല്‍പ്പന്നങ്ങളില്‍ കാന്‍സറിന് കാരണമായേക്കാവുന്ന ആസ്ബറ്റോസിന്റെ സാന്നിധ്യം ഉണ്ടെന്ന് പതിറ്റാണ്ടുകളായി കമ്പനിക്ക് അറിയാമായിരുന്നു. 1971 മുതല്‍ 2000-തുടക്കം വരെ കമ്പനിയുടെ റോ ടാല്‍ക്കുകളിലും ഫിനിഷ്ഡ് പൗഡറുകളിലും ചെറിയ അളവില്‍ ആസ്ബറ്റോസിന്റെ സാന്നിധ്യം ഉണ്ടെന്ന് കമ്പനി രേഖകളും മറ്റ് തെളിവുകളും കാണിക്കുന്നുണ്ട്. എന്നാല്‍, മാധ്യമങ്ങളോടും കോടതി മുറിയിലും തങ്ങളുടെ ടാല്‍ക് ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമാണെന്നും ക്യാന്‍സറിന് കാരണമാകില്ലെന്നും കമ്പനി ആവര്‍ത്തിച്ച് പറഞ്ഞു.