ആസാദ് കശ്മീരും ഇന്ത്യന്‍ അധീന ജമ്മു കശ്മീരും ; ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ കെ.ടി. ജലീല്‍

ജമ്മു കശ്മീരുമായി ബന്ധപ്പെട്ട ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുടുങ്ങി കെ.ടി.ജലീല്‍. ജമ്മു കശ്മീരിനെ ആസാദ് കശ്മീര്‍ എന്നും ഇന്ത്യന്‍ അധീന കശ്മീരെന്നും വിശേഷിപ്പിച്ച പോസ്റ്റാണ് വിവാദമായത്. പഞ്ചാബ്, കശ്മീര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് കെ.ടി. ജലീലിന്റെ വിവാദ പരാമര്‍ശം. പാകിസ്ഥാനോട് ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം ആസാദ് കശ്മീര്‍ എന്നറിയപ്പെട്ടുവെന്ന് പോസ്റ്റില്‍ കെ.ടി. ജലീല്‍ പറയുന്നു. സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നതായും ജലീല്‍ കുറിക്കുന്നുണ്ട്.

ജമ്മുവും, കശ്മീര്‍ താഴ്വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന ജമ്മു കശ്മീര്‍ എന്ന അത്യന്തം ഗുരുതരമായ പരാമര്‍ശവും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. പാകിസ്ഥാന്‍ ഉപയോഗിക്കുന്ന പദങ്ങളാണ് ആസാദ് കശ്മീര്‍, ഇന്ത്യന്‍ അധീന കശ്മീര്‍ എന്നതും പോസ്റ്റിന്റെ ഗൗരവ സ്വഭാവം കൂട്ടുന്നു. അതേസമയം ജലീലിനെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. ജലീലിന്റെ പരാമര്‍ശം രാജ്യത്തിന്റെ ഔദ്യോഗിക നിലപാടിനെതിരെന്ന് വക്താവ് സന്ദീപ് വാര്യര്‍ ആരോപിച്ചു. സമൂഹമാധ്യമങ്ങളിലും കെ.ടി.ജലീലിനെതിരെ വ്യാപക വിമര്‍ശനം ശക്തമായിട്ടുണ്ട്.

ആസാദ് കാഷ്മീരൊ ‘? പാക് ഒക്യുപൈഡ് കാശ്മീര്‍ എന്നതാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാട് . ഇന്ത്യന്‍ പാര്‍ലമെന്റ് ഏക കണ്ഠമായി ഇന്ത്യയുടെ ഭാഗമാണെന്ന് പ്രമേയം പാസാക്കിയതാണ്. ഒരു ജനപ്രതിനിധിയും മുന്‍ മന്ത്രിയുമായ താങ്കള്‍ പാക് ഒക്കുപൈഡ് കാശ്മീര്‍ എന്ന ഇന്ത്യന്‍ നിലപാടിനെ അംഗീകരിക്കുന്നില്ലേ ? പാകിസ്ഥാനെ വെള്ളപൂശുകയാണല്ലോ ജലീല്‍ . So called Azad Kashmir ന്റെ ഒരു ഭാഗം പാകിസ്ഥാന്‍ ചൈനക്ക് കൊടുത്തു. പാക് അധീന കശ്മീരിലെ സര്‍ക്കാര്‍ തമാശയാണ്. അവിടെ പരിപൂര്‍ണമായും പാക് ഭരണമാണ്. കശ്മീരിന്റെ ഒരു ഭാഗം സ്വാഭാവികമായി പാകിസ്താനുമായി ചേര്‍ക്കപ്പെട്ടതല്ല , പാക് സൈന്യം അധിനിവേശം നടത്തിയതാണ്, ഇന്ത്യന്‍ സൈനിക നടപടി ഇല്ലായിരുന്നെങ്കില്‍ മുഴുവന്‍ കാശ്മീരും അവര്‍ കയ്യേറിയേനെ’ . സന്ദീപ് വാര്യര്‍ തന്റെ ഫേസ്ബുക്കില്‍ പറയുന്നു. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് ഇതിനകം രംഗത്ത് വന്നിട്ടുള്ളത്. കെ ടി ജലീല്‍ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരണമാന്നും നടത്തിയിട്ടുമില്ല.