ഇടുക്കിയില്‍ നവജാതശിശുവിന്റെ മരണം കൊലപാതകം ; അമ്മ അറസ്റ്റില്‍

ഇടുക്കി : തൊടുപുഴ ഉടുമ്പന്നൂര്‍ മങ്കുഴിയില്‍ ഇന്നലെ നവജാതശിശു മരിച്ച സംഭവം കൊലപാതകം എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പ്രസവിച്ച ഉടനെ കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു. പ്രസവിച്ചപ്പോള്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നുവെന്നാണ് ആദ്യം അമ്മ പറഞ്ഞിരുന്നത്. എന്നാല്‍ ജനിച്ച ഉടന്‍ കുഞ്ഞ് ശ്വസിച്ചിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞിന്റെ ശരീരത്തില്‍ ജലാംശം കണ്ടെത്തി. സംഭവത്തില്‍ അമ്മയ്ക്കെതിരെ കൊലപാതകത്തിന് കേസെടുത്തു. അമ്മയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്താലുടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.തൃശൂര്‍ കൊരട്ടി സ്വദേശിനി സുജിത (28) ആണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.

ഇന്നലെയാണ് തൊടുപുഴയില്‍ പ്രസവിച്ച ഉടന്‍ കുഞ്ഞിനെ മാതാവ് ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയെന്ന വാര്‍ത്ത പുറത്ത് വന്നത്. ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയാണ് കുഞ്ഞിനെ കൊല്ലപ്പെടുത്തിയത്. അമിത രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴാണ് വിവരം പുറത്ത് വരുന്നത്. ഒരു മാസം മുന്‍പ് ഇവിടെയുള്ള ഒരു വീടിന്റെ മുകള്‍ നിലയില്‍ വാടകയ്ക്ക് താമസിക്കാനെത്തിയ യുവതി ഗര്‍ഭിണിയാണെന്ന വിവരം അയല്‍വാസികള്‍ പോലും അറിഞ്ഞില്ല. ഭാര്യ ഗര്‍ഭിണിയാണ് എന്ന കാര്യം ഭര്‍ത്താവും അറിഞ്ഞിരുന്നില്ലെന്നാണ് പൊലീസിന് ലഭിച്ച മൊഴി. കഴിഞ്ഞ കുറെ നാളുകളായി ഇരുവരും തമ്മില്‍ നല്ല അടുപ്പത്തിലായിരുന്നില്ലെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ പോലും തൊട്ടടുത്ത വീടുകളിലെ സ്ത്രീകളുമായി സുനിജ സംസാരിച്ചിരുന്നു. എന്നാല്‍ യുവതി ഗര്‍ഭിണിയാണെന്ന വിവരം അവര്‍ക്കും മനസിലായില്ല. മറ്റുള്ളവര്‍ അറിയിതാരിക്കാന്‍ വേണ്ടി വലുപ്പം കൂടിയ നൈറ്റിയാണ് യുവതി ധരിച്ചിരുന്നതെന്ന് അയല്‍വീട്ടുകാര്‍ പറയുന്നു. സുജിതയുടെ ശാരീരിക വ്യത്യാസം കണ്ട് ആശാ വര്‍ക്കര്‍ ഇതേക്കുറിച്ച് ചോദിച്ചെങ്കിലും ശരീരത്തിന് വണ്ണം വയ്ക്കാനുള്ള മരുന്ന് കഴിക്കുന്നുണ്ടെന്നായിരുന്നു മറുപടി. ബുധനാഴ്ച രാത്രി ശുചിമുറിയില്‍ കയറിയ സുജിത ഏറെ നേരം കഴിഞ്ഞിട്ടും പുറത്ത് ഇറങ്ങിയിരുന്നില്ല. ഭര്‍ത്താവ് ഉറക്കെ വിളിച്ചെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. ഇതോടെ ശബ്ദം കേട്ട് അയല്‍വീട്ടിലെ സ്ത്രീകളും സുനിജയെ വിളിച്ചു. ഏറെ നേരം കഴിഞ്ഞാണ് യുവതി പുറത്തിറങ്ങിയത്. ഇതിന് പിന്നാലെയാണ് രക്തസ്രാവം ഉണ്ടായത്. തുടര്‍ന്ന് ഇവര്‍ താമസിക്കുന്ന വീട്ടിന്റെ ഉടമസ്ഥന്റെ ഓട്ടോയില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം എന്തുകൊണ്ട് കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി എന്നതില്‍ ഇനിയും വ്യക്തത വരാനുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.