366 വര്‍ഷം പഴക്കമുള്ള കപ്പലില്‍ നിന്നും അമൂല്യനിധി ശേഖരം കണ്ടെടുത്തു
366 വര്‍ഷം പഴക്കമുള്ള സ്പാനിഷ് കപ്പലില്‍ നിന്ന് കണ്ടെടുത്തത് അമൂല്യനിധി ശേഖരം. 1656ല്‍ തകര്‍ന്ന കപ്പലില്‍ നിന്നാണ് ബഹാമാസ് മാരിടൈം മ്യൂസിയം സ്വര്‍ണ നാണയങ്ങളും രത്നങ്ങളും ആഭരണങ്ങളും ഉള്‍പ്പെടുന്ന നിധി കണ്ടെത്തിയിരിക്കുന്നത്. കരീബിയന്‍ കടലിന്റെ അടിത്തട്ടില്‍ നൂറ്റാണ്ടുകളോളം ഒളിഞ്ഞിരുന്ന ഡി ലാസ് മാര്‍വിലസ് എന്ന സ്പാനിഷ് കപ്പലില്‍ നിന്നും കണ്ടെടുത്ത ഈ അമൂല്യനിധി ബഹാമാസ് മാരിടൈം മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും.
ലാസ് ഡി ലാസ് മാര്‍വിലസ് എന്നാല്‍ അത്ഭുതങ്ങളുടെ മാതാവ് എന്നാണ് അര്‍ത്ഥം. 1656ല്‍ ഈ കപ്പല്‍ മറ്റൊരു കപ്പലില്‍ കൂട്ടിയിടിച്ച് ബഹാമാസിലെ ഒരു പവിഴപ്പുറ്റില്‍ തട്ടിയതോടെയാണ് തകര്‍ന്നുവീഴുന്നത്. രാജാവിനും മറ്റ് അതിസമ്പന്നര്‍ക്കുമുള്ള ആഭരണശേഖരവുമായി കപ്പല്‍ ക്യൂബയില്‍ നിന്നും സ്പെയിനിലേക്ക് സഞ്ചരിക്കവേയാണ് അപകടമുണ്ടായത്. 900 ടണ്‍ ഭാരമാണ് കപ്പലിനുണ്ടായിരുന്നത്. ബഹാമാസ് മാരിടൈം മ്യൂസിയം നടത്തിയ നീണ്ട ഗവേഷണങ്ങള്‍ക്കൊടുവിലാണ് കപ്പലിനെ സംബന്ധിച്ച ഈ വിവരങ്ങള്‍ പുറത്തെത്തിയത്. നഷ്ടമായ നിധിക്കായി രണ്ട് വര്‍ഷത്തോളം നീണ്ട അന്വേഷണങ്ങളാണ് മാരിടൈം മ്യൂസിയം നടത്തിവന്നത്. 1600-കളില്‍ വളരെ സാധാരണമായിരുന്ന കടല്‍ക്കൊള്ളയിലൂടെയും മറ്റും നേടിയ നിരവധി വസ്തുക്കളും കപ്പലിലുണ്ടെന്ന് സര്‍വേകളില്‍ നിന്ന് മ്യൂസിയം മനസിലാക്കി. വീണ്ടെടുത്ത പല ആഭരണങ്ങളിലും സാന്റിയാഗോയുടെ കുരിശിന്റെ മുദ്ര പതിച്ചിരുന്നെന്നും പര്യവേഷണ സംഘം കണ്ടെത്തി.