ചെന്നൈയില്‍ ജീവനക്കാരനും സംഘവും ബാങ്കില്‍ നിന്നും മോഷ്ടിച്ചത് 20 കോടിയോളം രൂപ
ചെന്നൈയില്‍ പട്ടാപ്പകല്‍ വന്‍ ബാങ്ക് കവര്‍ച്ച. ചെന്നൈ അറുംമ്പാക്കത്തുള്ള ഫെഡ് ബാങ്കിലാണ് ജീവനക്കാരെ ബന്ദികളാക്കി ബാങ്കിലെ ജീവനക്കാരനും കൂട്ടാളികളും മോഷണം നടത്തിയത്. 20 കോടിയോളം വിലമതിക്കുന്ന പണവും സ്വര്‍ണാഭരണങ്ങളും നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് പേരടങ്ങുന്ന ആയുധധാരികളായ മുഖംമൂടി സംഘം ബാങ്കിനുള്ളില്‍ അതിക്രമിച്ചു കയറുകയായിരുന്നു., തുടര്‍ന്ന് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. മാനേജര്‍ ഉള്‍പ്പെടെ രണ്ടു പേരെ ശുചിമുറിയില്‍ പൂട്ടിയിട്ട ശേഷം ലോക്കറിന്റെ താക്കോല്‍ കൈക്കലാക്കി പണവും സ്വര്‍ണവും മോഷ്ടിച്ചു.
ബാങ്കിനുള്ളിലെയും പുറത്തേയും സിസിടിവി ക്യാമറകളും സംഘം തകര്‍ത്തിട്ടുണ്ട്. 20 കോടി രൂപയുടെ കവര്‍ച്ച നടന്നതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സുരക്ഷാജീവനക്കാരന്‍ മയങ്ങിക്കിടക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് അറുംമ്പാക്കം പോലീസ് സ്ഥലത്തെത്തി. നോര്‍ത്ത് പോലീസ് അഡീഷണല്‍ കമ്മീഷണര്‍ അന്‍ബു ഐപിഎസ്, വെസ്റ്റ് അസോസിയേറ്റ് കമ്മീഷണര്‍ രാജേശ്വരി ഐപിഎസ്, അണ്ണാനഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ വിജയകുമാര്‍ ഐപിഎസ് എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. ബാങ്കില്‍ കസ്റ്റമര്‍ ഡെവലപ്മെന്റ് മാനേജരായി ജോലി ചെയ്യുന്ന പടപട്ടമ്മന്‍ ടെമ്പിള്‍ സ്ട്രീറ്റില്‍ താമസിക്കുന്ന മുരുകനാണ് കവര്‍ച്ച നടത്തിയതെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ ബാങ്കില്‍നിന്ന് വിരലടയാളം ശേഖരിച്ചു. പ്രതികളെ പിടികൂടാന്‍ അഞ്ച് പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചതായി പോലീസ് അറിയിച്ചു.