യുദ്ധത്തെ തുടര്‍ന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ തുടര്‍ പഠനം ഒരുക്കാമെന്ന് യുക്രെയ്ന്‍

റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാന്‍ സന്നദ്ധമാണെന്ന് യുക്രെയ്ന്‍ അറിയിച്ചതായി വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. ആരോഗ്യ-വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും ജയശങ്കര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മറ്റ് മാര്‍ഗങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. യുക്രെയ്ന്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചതായും എസ്.ജയശങ്കര്‍ അറിയിച്ചു.

യുദ്ധത്തെ തുടര്‍ന്ന് പഠനം പാതിവഴിയില്‍ നിര്‍ത്തി നാട്ടിലെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഈ പ്രഖ്യാപനം. തുടര്‍ പഠനം അനിശ്ചിതാവസ്ഥയില്‍ ആയതോടെ വിദ്യാര്‍ത്ഥികള്‍ ആശങ്കയിലായിരുന്നു. യുക്രെയ്‌നില്‍ പഠനം തുടരാനാകുമോ എന്നതിലും വ്യക്തത വന്നിരുന്നില്ല. സെപ്തംബറിലാണ് അടുത്ത അധ്യയന വര്‍ഷം തുടങ്ങുക. ഈ സമയത്ത് യുക്രെയ്‌നിലേക്ക് തിരികെ പോകാനാകാത്ത അവസ്ഥയിലായിരുന്നു വിദ്യാര്‍ത്ഥികള്‍. യുദ്ധം ഇപ്പോഴും അവസാനിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ അവിടേക്ക് പോകാനാകാത്ത അവസ്ഥയിലായിരുന്നു വിദ്യാര്‍ഥികള്‍.

ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാമെന്ന യുക്രെയ്‌ന്റെ വാഗ്ദാനം പ്രതീക്ഷ ഏകുന്നുണ്ടെങ്കിലും ക്ലിനിക്കല്‍ പരിശീലനം എങ്ങനെ പൂര്‍ത്തിയാക്കും എന്നതില്‍ ആശങ്ക ബാക്കിയാണ്. സെപ്തംബറില്‍ അടുത്ത അധ്യയന വര്‍ഷം തുടങ്ങുമ്പോള്‍ ഫീസ് അടക്കേണ്ട സാഹചര്യവും വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലുണ്ട്. പഠനത്തിനായി തിരികെ പോകാനാകുമോ എന്നതില്‍ വ്യക്തത വരുത്താതെ ലക്ഷങ്ങള്‍ എങ്ങനെ ഫീസ് നല്‍കുമെന്നതും വിദ്യാര്‍ത്ഥികളെ കുഴക്കുന്നുണ്ട്. കേരളത്തില്‍ നിന്നടക്കം ആയിരക്കണക്കിന് കുട്ടികളാണ് ഉക്രൈയിനില്‍ പഠനം നടത്തി വന്നിരുന്നത്.