സ്വാതന്ത്ര്യത്തിന്റെ 75 ആണ്ടുകള്‍ ; രാജസ്ഥാനില്‍ പാത്രത്തില്‍ നിന്നും വെള്ളം കുടിച്ചതിന് ദളിത് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ അടിച്ചു കൊന്നു
രാജ്യം നാളെ സ്വാതന്ത്ര്യത്തിന്റെ 75 ആണ്ടുകള്‍ പൂര്‍ത്തിയാകുന്ന അസുലഭ മുഹൂര്‍ത്തം വമ്പന്‍ ആഘോഷങ്ങളോടെയാണ് രാജ്യം കൊണ്ടാടുന്നത്. ഹര്‍ ഘര്‍ തിരന്‍ഗാ എന്ന പേരില്‍ വീടുകളില്‍ വരെ ആഘോഷങ്ങള്‍ നടക്കുകയാണ്. ഈ വേളയില്‍ തന്നെയാണ് രാജ്യത്തെ എല്ലാ വിഭാഗക്കാര്‍ക്കും സ്വാതന്ത്ര്യം ലഭിച്ചോ എന്ന് ചോദ്യവും ഉയരുന്നത്. സ്‌കൂളിലെ പത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന്റെ പേരില്‍ അധ്യാപകന്‍ മര്‍ദിച്ച ഒമ്പതു വയസ്സുകാരന്‍ മരിച്ചു. രാജസ്ഥാനിലെ ജലോര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ചികിത്സയിലിരിക്കേയാണ് വിദ്യാര്‍ത്ഥി മരണപ്പെട്ടത്.
ദളിത് വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥി പാത്രം തൊട്ടതിന്റെ പേരിലാണ് അധ്യാപകന്‍ മര്‍ദിച്ചതെന്നാണ് പരാതി. ജുലൈ ഇരുപതിനാണ് ജലോറിലെ സുരാന ഗ്രാമത്തിലുള്ള പ്രൈവറ്റ് സ്‌കൂളിലാണ് സംഭവം നടന്നത്. അധ്യാപകന്റെ മര്‍ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിയെ അഹമ്മദാബാദിലെ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശനിയാഴ്ച്ചയാണ് കുട്ടി മരണപ്പെട്ടത്. സംഭവത്തില്‍ അധ്യാപകനായ ചയ്ല്‍ സിംഗ്(40) നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതക കുറ്റം, എസ്.സി, എസ്.ടി ആക്ട് വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദ് ചെയ്തിരിക്കുകയാണ്.