കൊച്ചിയില്‍ നടുറോഡില്‍ യുവാവിനെ കുത്തിക്കൊന്ന സംഭവം ; മൂന്ന് പ്രതികള്‍ പിടിയില്‍

കൊച്ചിയില്‍ നഗര മദ്ധ്യത്തില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പ്രതികള്‍ പിടിയില്‍. നെട്ടൂര്‍ സ്വദേശി ഹര്‍ഷാദ്, മരട് സ്വദേശി സുധീര്‍, കുമ്പളം സ്വദേശി തോമസ് എന്നിവരാണ് പിടിയിലായത്. പരുക്കേറ്റ ജോസഫ് എന്നയാളെയും പൊലീസ് കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് വരാപ്പുഴ സ്വദേശി ശ്യാം ആണ് കൊല്ലപ്പെട്ടത്. കൊച്ചി സൗത്ത് പാലത്തിന് സമീപം കളത്തിപറമ്പില്‍ റോഡിലാണ് കൊലപാതകം നടന്നത്. സംഘര്‍ഷത്തിനിടെ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത് സുഹൃത്ത് അരുണിനൊപ്പം വരികയായിരുന്നു ശ്യാം. മദ്യലഹരിയിലായിരുന്നു ഇരുവരും. സൗത്ത് പാലത്തിന് സമീപം കുറച്ചാളുകള്‍ കുടിനില്‍ക്കുന്നത് കണ്ട് അവിടെക്ക് ചെന്നു എന്നാണ് പൊലീസ് പറയുന്നത്. പിന്നീട് വാക്ക് തര്‍ക്കവും സംഘര്‍ഷവുമായി. സംഘര്‍ഷത്തിനിടെ ശ്യാമിനും സുഹൃത്ത് അരുണിനും കുത്തേറ്റു.

സിസിറ്റിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ആക്രമണം നടന്ന സ്ഥലത്ത് രണ്ട് മണിക്ക് ശേഷം മൂന്ന് പേര്‍ ഒരു വാഗണ്‍ ആര്‍ കാറില്‍ കയറുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. കൊല്ലപ്പെട്ട ശ്യാം വരാപ്പുഴ സ്വദേശിയാണ്. കുത്തേറ്റ അരുണ്‍ അപകടനില തരണം ചെയ്തു എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഘര്‍ഷത്തിനിടെ കുത്തേറ്റ മൂന്നാമന്‍ ജോസഫ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം മുങ്ങിയിരുന്നു. ഇയാളെയും പൊലീസ് കണ്ടെത്തി. സൗത്ത് പാലത്തിന് അടുത്തുള്ള ഇടവഴികള്‍ രാത്രി പത്ത് മണിക്ക് ശേഷം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാണ്. മൂന്ന് ദിവസം മുമ്പ് നോര്‍ത്ത് പാലത്തിലും കൊലപാതകം നടന്നിരുന്നു. ആ കേസിലെ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.