ഷാജഹാനെ കൊലപ്പെടുത്തിയത് RSS-BJP സംഘം ; സി പി എം
പാലക്കാട് : ഷാജഹാനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ്, ബിജെപി സംഘം തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കൊല നടത്തിയവരെ പ്രദേശത്തുള്ളവര്‍ക്കെല്ലാമറിയാമെന്നും മുഖ്യപ്രതികള്‍ കഞ്ചാവ് വില്‍പന ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നും ഇവരുടെ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്തതിന്റെ പേരിലാണ് ഷാജഹാനെ കൊലപ്പെടുത്തിയതെന്ന് സിപിഎം ആരോപിച്ചു. നിഷ്ഠൂരമായ കൊലപാതകത്തിന് ശേഷം ചില മാധ്യമങ്ങളുടെ സഹായത്തോടെ ആര്‍എസ്എസും ബിജെപിയും വ്യാജപ്രചരണം അഴിച്ചുവിടുകയാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു. ആറുവര്‍ഷത്തിനിടെ 17 സിപിഎം പ്രവര്‍ത്തകരെ ആര്‍എസ്എസ് സംഘങ്ങള്‍ വധിച്ചു. അതിനുശേഷമാണ് മനുഷ്യത്വഹീനമായ പ്രചാരണം നടത്തുന്നത്.
അതിനിടെ ഷാജഹാന്റെ കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അക്രമികളുടെ രാഷ്ട്രീയ ബന്ധത്തെ കുറിച്ച് പരാമര്‍ശിക്കാതെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ‘പാലക്കാട് മരുതറോഡ് സിപിഐ എം ലോക്കല്‍കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. ഷാജഹാന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടികളെടുക്കും. കുറ്റമറ്റ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്’. എന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
അതേസമയം സിപിഐഎമ്മിന്റെ ആരോപണങ്ങള്‍ മുഖം രക്ഷിക്കാനെന്നാണ് ബിജെപി വാദം. പ്രതികള്‍ സിപിഐഎമ്മിന്റെ തന്നെ സജീവ പ്രവര്‍ത്തകരാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ പ്രതികരിച്ചു. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളില്‍ നിന്ന് പ്രതികളുടെ രാഷ്ട്രീയം വ്യക്തമാകുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. എന്നാല്‍ ഷാജഹാന്റെത് രാഷ്ട്രീയ കൊലപാതകമെന്നാണ് പൊലീസ് എഫ്‌ഐആര്‍. എട്ട് ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് കൃത്യം നടത്തിയത്. അക്രമികള്‍ കഴുത്തിലും കാലിലും മാരകമായി പരുക്കേല്‍പ്പിച്ചു എന്നും എഫ്‌ഐആറില്‍ പറയുന്നു. എഫ്‌ഐആര്‍ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. അതേസമയം അമിതമായി രക്തം വാര്‍ന്നതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.