ഈജിപ്തില്‍ ചര്‍ച്ചില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി

ഈജിപ്തില്‍ ഗ്രേറ്റര്‍ കെയ്റോയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 41 ആയി. ഗിസ ഗവര്‍ണറേറ്റിന്റെ ഭാഗമായ നൈല്‍ നദിക്ക് പടിഞ്ഞാറ് ജനസാന്ദ്രതയേറിയ ഇംബാബയ്ക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന അബു സിഫിന്‍ പള്ളിയിലാണ് ഞായറാഴ്ച കുര്‍ബാനയ്ക്കിടെ തീപിടിത്തമുണ്ടായത്. പള്ളിക്കുള്ളില്‍ കുടുങ്ങിക്കിടന്നവരെ രക്ഷിക്കാന്‍ എത്തിയവരും അപകടത്തില്‍പ്പെട്ടു. തീപിടിത്തമുണ്ടായ ഉടന്‍ തന്നെ ഉയര്‍ന്ന ചൂടും മാരകമായ പുകയുമാണ് മരണസംഖ്യ കൂടാന്‍ ഇടയാക്കിയതെന്ന് അധികൃതര്‍ പറയുന്നു.

‘എല്ലാവരും കെട്ടിടത്തില്‍ നിന്ന് കുട്ടികളെ പുറത്തെടുക്കുകയായിരുന്നു,’ പള്ളിക്ക് സമീപം താമസിക്കുന്ന അഹമ്മദ് റെഡ ബയൂമി AFP-യോട് പറഞ്ഞു. ‘എന്നാല്‍ തീ വലുതായിക്കൊണ്ടിരുന്നു, തീപിടിത്തത്തെ തുടര്‍ന്ന് ഉണ്ടായ പുക ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചത്.’. ഈജിപ്ഷ്യന്‍ കോപ്റ്റിക് ചര്‍ച്ചും ആരോഗ്യ മന്ത്രാലയവും അഗ്‌നിബാധയില്‍ 41 പേര്‍ മരിക്കുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് അറിയിച്ചു. ”രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്.”- ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസി രാവിലെ തന്റെ ഫേസ്ബുക്ക് പേജില്‍ പ്രഖ്യാപിച്ചു. കോപ്റ്റിക് പോപ്പ് തവാദ്രോസ് രണ്ടാമന് ഫോണിലൂടെ അനുശോചനം അറിയിച്ചതായി അദ്ദേഹം പിന്നീട് പറഞ്ഞു. ‘പള്ളി കെട്ടിടത്തിന്റെ രണ്ടാം നിലയിലെ എയര്‍ കണ്ടീഷനിംഗ് യൂണിറ്റിലാണ് തീപിടിത്തമുണ്ടായതെന്ന് ഫോറന്‍സിക് തെളിവുകള്‍ വ്യക്തമാക്കുന്നുണ്ട്’ എന്ന് ആഭ്യന്തര മന്ത്രാലയം പിന്നീട് പറഞ്ഞു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ഇംബാബയിലെ സമീപത്തെ മറ്റൊരു പള്ളിയിലെ ഫാദര്‍ ഫരീദ് ഫഹ്മി എഎഫ്പിയോട് പറഞ്ഞു. ‘വൈദ്യുതി നിലച്ചു, അവര്‍ ഒരു ജനറേറ്റര്‍ ഉപയോഗിക്കുകയായിരുന്നു,’ അദ്ദേഹം പറഞ്ഞു, ‘വൈദ്യുതി തിരികെ വന്നപ്പോള്‍, അത് ഓവര്‍ലോഡിന് കാരണമാകുകയും തീപിടിത്തമുണ്ടാകുകയുമായിരുന്നു.’- അദ്ദേഹം പറഞ്ഞു. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ സമൂഹമാണ് കോപ്റ്റുകള്‍, ഈജിപ്തിലെ 103 ദശലക്ഷം ആളുകളില്‍ കുറഞ്ഞത് 10 ദശലക്ഷമെങ്കിലും കോപ്റ്റ് വിഭാഗത്തില്‍പ്പെട്ടവരാണ്. അറബ് ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള വടക്കന്‍ ആഫ്രിക്കന്‍ രാജ്യമാണ് ഈജിപ്ത്.