ബസ് മറിഞ്ഞ് 6 ഐടിബിപി ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ബസ് നദീതടത്തിലേക്ക് മറിഞ്ഞ് ആറ് ഐടിബിപി ജവാന്‍മാര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 37 ഐടിബിപി ജവാന്‍മാരും രണ്ട് ജമ്മു കശ്മീര്‍ പോലീസുകാരും സഞ്ചരിച്ച ബസ് ചന്ദന്‍വാരിക്കും പഹല്‍ഗാമിനും ഇടയിലുള്ള അഗാധമായ മലയിടുക്കില്‍വെച്ചാണ് അപകടത്തില്‍പ്പെട്ടതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

രണ്ട് ഐടിബിപി ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തുവെച്ചും മറ്റുള്ളവര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുമാണ് മരിച്ചത്. അപകടത്തില്‍ 25 ഐടിബിപി ഉദ്യോഗസ്ഥര്‍ക്കും രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റു. ഇതില്‍ പത്തുപേരുടെ പരിക്ക് ഗുരുതരമാണ്. രണ്ടുപേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ ശ്രീനഗറിലെ ആര്‍മി ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യുന്നതിനിടെ നാല് പേര്‍ക്ക് കൂടി ജീവന്‍ നഷ്ടപ്പെട്ടതായി കശ്മീര്‍ സോണ്‍ പോലീസ് പിന്നീട് ട്വീറ്റ് ചെയ്തു.

ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി, ”ചന്ദന്‍വാരിക്ക് സമീപമുള്ള ബസ് അപകടത്തില്‍ ഞങ്ങളുടെ ധീരരായ ഐടിബിപി ഉദ്യോഗസ്ഥരെ നഷ്ടപ്പെട്ടതില്‍ അഗാധമായ വേദനയുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എന്റെ അനുശോചനവും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാനും പ്രാര്‍ത്ഥിക്കുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ട്’- ലെഫ്റ്റനന്റ് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു.