മോന്‍സണ്‍ മാവുങ്കലിന് മീന്‍ വാങ്ങാനും തേങ്ങ എടുക്കാനും കേരളാ DIGയുടെ കാര്‍ ; ഡ്രൈവറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
കേരളാ പോലീസിനെയും ക്രൈം ബ്രാഞ്ചിനെയും വെട്ടിലാക്കി മോണ്‍സണ്‍ മാവുങ്കലിന്റെ ഡ്രൈവറുടെ വെളിപ്പെടുത്തല്‍.പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോണ്‍സണ്‍ മാവുങ്കല്‍ പോലീസ് വാഹനം ദുരുപയോഗം ചെയ്തുവെന്നും മോണ്‍സണ്‍ മാവുങ്കല്‍ പലപ്പോഴും സഞ്ചരിച്ചത് പോലീസ് വാഹനത്തിലാണെന്നും മോണ്‍സന്റെ ഡ്രൈവര്‍ ജെയ്‌സണ്‍ വെളിപ്പെടുത്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി മോണ്‍സണ്‍ മാവുങ്കലിന്റെ അടുപ്പം വ്യക്തമാക്കുന്നതാണ് വെളിപ്പെടുത്തല്‍. ഡിഐജി സുരേന്ദ്രനുമായിട്ടായിരുന്നു കൂടുതല്‍ അടുപ്പം. അദ്ദേഹത്തിന്റെ ഔദ്യോഗിക കാര്‍ പലപ്പോഴും മോണ്‍സന്റെ സ്വകാര്യ യാത്രകള്‍ക്കായി ഉപയോഗിച്ചു. കോവിഡ് കാലത്തായിരുന്നു ഇത് കൂടുതലും നടന്നത്.
വീട്ടിലേക്ക് മീന്‍ വാങ്ങാനും തേങ്ങ എടുക്കാനും ഡിഐജിയുടെ കാര്‍ ഉപയോഗിച്ചു. പോലീസുകാര്‍ക്ക് മദ്യക്കുപ്പിയും ഇതുവഴി വിതരണം ചെയ്തു. മട്ടാഞ്ചേരിയില്‍ ഒരു പൊലീസുകാരന് കുപ്പി കൊടുക്കാന്‍ പറഞ്ഞു. അത് കൊടുത്തിട്ട് തേങ്ങെയെടുക്കാന്‍ പോയി. എന്നിട്ട് തുറവൂര്‍ പോയി മീനെടുത്ത് കലൂര്‍ പോവുകയായിരുന്നു. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി മോന്‍സണ്‍ പൊലീസ് വാഹനം ഉപയോഗിച്ചിട്ടുണ്ട്. വേറൊരു തവണ മട്ടാഞ്ചേരിക്ക് പോയി. മോന്‍സണുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ചയാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
അനിത പുല്ലയിലിന്റെ സഹോദരിയുടെ വിവാഹം കഴിഞ്ഞ് മോന്‍സണ്‍ മടങ്ങിയത് ഔദ്യോഗിക കാറില്‍ ബീക്കന്‍ ലൈറ്റ് ഇട്ടായിരുന്നു. തൃശ്ശൂരില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് വേഗത്തില്‍ എത്തുന്നതിനു വേണ്ടിയാണ് ഔദ്യോഗിക കാറില്‍ യാത്ര ചെയ്തത്. ഡല്‍ഹിയില്‍ എത്തിയപ്പോള്‍ മോന്‍സണ്‍ താമസിച്ചത് നാഗാലാന്‍ഡ് പോലീസിന്റെ ക്യാമ്പിലാണ്. ഐജി ലക്ഷ്മണ്‍ ആണ് ഇത് ഒരുക്കി കൊടുത്തതെന്നും ജൈസണ്‍ പറയുന്നു. മോണ്‍സന്റെ സുഹൃത്തുക്കള്‍ക്ക് കോവിഡ് കാലത്ത് ഡിഐജി മുഖേന വാഹന പാസുകള്‍ നല്‍കി. ഇതിനായി ഐ ജിയുടെ ഔദ്യോഗിക സീലുകളും ഉപയോഗിച്ചു.
ഇതെല്ലാം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നതാണ്. എങ്കിലും ക്രൈം ബ്രാഞ്ച് ഇത് കാര്യമായി എടുത്തില്ല. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഉദ്യോഗസ്ഥരെ കുറിച്ച് പരാമര്‍ശങ്ങള്‍ ഇല്ലെന്നും ജയ്‌സണ്‍ പറഞ്ഞു. മോണ്‍സനുമായി ബന്ധപ്പെട്ട ആരോപണം ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഒന്നടങ്കം വെള്ളപൂശിയാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനെതിരെ പരാതിക്കാര്‍ നിയമ യുദ്ധത്തിന് ഒരുങ്ങുകയാണ്. കേസ് സിബിഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ഇവര്‍ മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കിയിട്ടുണ്ട്. നിലവിലെ ക്രൈം ബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്നും തെളിവുകള്‍ പലതും അട്ടിമറിച്ചതായും പരാതിയില്‍ പറയുന്നു.
ഉന്നത പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കേസില്‍ പ്രതികളാണ്. ഈ സാഹചര്യത്തില്‍ അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിന് പരിമിതികള്‍ ഉണ്ട്. യാഥാര്‍ത്ഥ പ്രതികള്‍ പലരും ഇപ്പോഴും പിടിയിലായില്ലെന്നും സി ബി ഐ അന്വേഷണം അനിവാര്യമാണെന്നും പരാതിക്കാരനായ യാക്കൂബ് പുതിയപുരയില്‍ നല്കിയ പരാതിയില്‍ പറയുന്നു.