സ്വരൂപം കാട്ടി ലങ്ക ; ഇന്ത്യയുടെ എതിര്‍പ്പ് തള്ളി ചൈനീസ് ചാരക്കപ്പലിന് തുറമുഖത്തു അടുക്കാന്‍ അനുമതി

ചൈനീസ് പ്രേമം തീരാതേ ശ്രീലങ്ക. ഇന്ത്യയുടെ ശക്തമായ എതിര്‍പ്പ് തള്ളിയ ലങ്ക ചൈനീസ് ചാരക്കപ്പലിന് തീരത്തടുക്കാന്‍ അനുമതി നല്‍കി. ഇതോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യന്‍ തീരത്തു നങ്കൂരം ഇട്ടിരുന്ന ചൈനീസ് ചാരക്കപ്പല്‍ യുവാന്‍ വാങ് 5 ഹമ്പന്‍തോട്ട തുറമുഖത്തെത്തി. ഇന്ധനം നിറയ്ക്കാനെന്ന പേരില്‍ കഴിഞ്ഞ ബുധനാഴ്ച യുവാന്‍ വാങ്-5 കപ്പല്‍ ലങ്കയിലെ ഹംബന്‍തോട്ട തുറമുഖത്ത് അടുപ്പിക്കാന്‍ ചൈന ആദ്യം പദ്ധതിയിട്ടിരുന്നു. എന്നാല്‍ ചാരക്കപ്പല്‍ അടുക്കാന്‍ അനുമതി നല്‍കരുതെന്ന് ലങ്കയ്ക്ക് ഇന്ത്യ ശക്തമായ മുന്നറിയിപ്പ് നല്‍കി.

ഇന്ത്യയുടെ പ്രതിഷേധം മനസിലായ ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയം കപ്പലിന്റെ വരവ് നീട്ടിവെയ്ക്കണം എന്നാവശ്യപ്പെട്ട് കൊളംബോയിലെ ചൈനീസ് എംബസിക്കു കത്ത് നല്‍കി. എന്നാല്‍ ഇതിന് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് ഇന്ത്യയുടെ എതിര്‍പ്പ് തള്ളി കപ്പല്‍ തുറമുഖത്ത് എത്തിയിരിക്കുന്നത്. ഉപഗ്രഹങ്ങളെ അടക്കം നിരീക്ഷിക്കാനും സിഗ്‌നലുകള്‍ പിടിച്ചെടുക്കാനും ശേഷിയുള്ള കപ്പലാണ് യുവാന്‍ വാങ് 5. 750 കിലോമീറ്റര്‍ പരിധിയിലെ സിഗ്‌നലുകള്‍ പിടിച്ചെടുക്കാന്‍ കപ്പലിന് സാധിക്കും എന്നതിനാല്‍ ദക്ഷിണേന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ അടക്കം യുവാന്‍ വാങ് 5 ലക്ഷ്യമിടുന്നു.

ഹംബന്‍തോട്ട തുറമുഖം വികസിപ്പിച്ചത് ചൈനയാണ്. അവര്‍ക്കാണ് 99 വര്‍ഷത്തേക്ക് തുറമുഖത്തിന്റെ പ്രവര്‍ത്തനാനുമതി. ചരക്കുകപ്പലുകള്‍ അടുപ്പിക്കാന്‍ ചൈനയ്ക്ക് ആരുടെയും അനുമതി വേണ്ട. എന്നാല്‍, സൈനിക കപ്പലുകള്‍ തുറമുഖത്ത് എത്തണമെങ്കില്‍ ലങ്കയുടെ അനുമതി വേണം. 1987 ല്‍ ഇന്ത്യയുമായി ലങ്ക ഒപ്പിട്ട കരാറനുസരിച്ച് ഇന്ത്യയുടെ കൂടി സമ്മതമില്ലാതെ ലങ്കയിലെ ഒരു തുറമുഖത്തും വിദേശ സൈനിക കപ്പലുകളെ പ്രവേശിപ്പിക്കരുതെന്നാണ്. അതാണ് ഇപ്പോള്‍ ലംഘിച്ചിരിക്കുന്നത്.