യുപിയില്‍ ചോക്ലേറ്റ് ഫാക്റ്ററിയില്‍ വന്‍ മോഷണം ; 17 ലക്ഷത്തിന്റെ ചോക്ലേറ്റ് കള്ളന്മാര് കൊണ്ടുപോയി

ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്നൗവില്‍ ചോക്ലേറ്റ് ഫാക്റ്ററിയില്‍ വന്‍ മോഷണം. ഇത്തവണ ലക്ഷങ്ങള്‍ വിലമതിക്കുന്ന ചോക്ലേറ്റുകളുമാണ് മോഷണം പോയത്. നഗരത്തിലെ ചിന്‍ഹട്ടിലെ ദേവ്രാജി വിഹാര്‍ ഏരിയയിലെ കാഡ്ബറി ഗോഡൗണില്‍ നിന്നാണ് 17 ലക്ഷം രൂപയുടെ ചോക്ലേറ്റുകള്‍ കവര്‍ന്നത്. തെളിവ് നശിപ്പിക്കാന്‍ സിസിടിവിയും ഡിവിആറും മോഷ്ടാക്കള്‍ കൊണ്ടുപോയി.

ഓഗസ്റ്റ് 15ന് രാത്രിയാണ് സംഭവം. ഗോഡൗണിന്റെ വാതില്‍ തുറന്ന് കിടക്കുന്നത് അയല്‍വാസികളാണ് ആദ്യം കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി മനസിലാക്കിയത്. ഗോഡൗണില്‍ നിന്ന് 17 ലക്ഷം രൂപ വിലമതിക്കുന്ന കാഡ്ബറിയുടെ ചോക്ലേറ്റുകളും ബിസ്‌ക്കറ്റുകളുമാണ് കാണാതായത്. മോഷണ സംഭവവുമായി ബന്ധപ്പെട്ട് ചിന്‍ഹട്ട് പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കാഡ്ബറിയുടെ വിതരണക്കാരന്‍ രാജേന്ദ്ര സിംഗ് സിദ്ധു പറയുന്നു. പൊലീസ് പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പൊലീസിന് നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.